കൈകോർക്കാൻ മത്സ്യത്തൊഴിലാളികളും ദുരന്തനിവാരണ സേനയും

ദുരന്തബാധിത മേഖലകളിലേക്ക് വള്ളവുമായി പുറപ്പെടാൻ തയ്യാറാകുന്ന മത്സ്യത്തൊഴിലാളികൾ


കൊച്ചി അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ്‌ ഉയർന്നാൽ നേരിടാൻ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും ദുരന്തനിവാരണ സേനയും തയ്യാർ. കാളമുക്ക്‌, ചെല്ലാനം ഫിഷറീസ്‌ ഹാർബറുകളിൽനിന്ന്‌ മീൻപിടിത്ത ബോട്ടുകൾ പറവൂരിലേക്കും ആലുവയിലേക്കും എത്തിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ്‌ ബോട്ടുകളെത്തിച്ചത്‌. ചെല്ലാനത്തുനിന്നുള്ള അഞ്ചു ബോട്ടുകൾ ആലുവയ്ക്കും രണ്ടെണ്ണം പറവൂർ പ്രദേശത്തേക്കും എത്തിച്ചു. ഒരു വള്ളത്തിൽ ആറ്‌ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനുണ്ടാകും. കെ ജെ മാക്സി എംഎൽഎ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എ എക്സ് ആന്റണി ഷീലൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെല്ലാനത്തുനിന്ന് വള്ളങ്ങൾ എത്തിച്ചത്‌. വൈപ്പിനിൽനിന്ന് ആറ്‌ വലിയ വള്ളങ്ങളുമായാണ്‌ 30 മത്സ്യത്തൊഴിലാളികൾ പറവൂരിൽ എത്തിയത്‌. പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിലാണ് ഇവർ ക്യാമ്പ്‌ ചെയ്യുന്നത്‌. ദുരന്തനിവാരണ സേനയുടെ രണ്ടു കമ്പനി പറവൂരിലും ആലുവയിലും ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഏതു സാഹചര്യവും നേരിടാൻ സജ്ജമായി 22 അംഗ സംഘമാണ് ആലുവ വൈഎംസിഎയിലുള്ളത്‌. മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. ടീം കമാൻഡന്റ്‌ രാം ബാബു, സബ് ഇൻസ്പെക്ടർ പ്രമോദ് കുമാർ എന്നിവരടങ്ങുന്ന ദുരന്തനിവാരണ സേനയുടെ ആറക്കോണത്തുള്ള നാലാം ബറ്റാലിയനാണ് ജില്ലാ പൊലീസിനൊപ്പം ദൗത്യം ഏറ്റെടുത്തത്‌. പാലക്കാടുനിന്ന്‌ 20 അംഗ ദേശീയ ദുരന്തനിവാരണ സേനയും പറവൂരിലെത്തിയിട്ടുണ്ട്‌. സേനാംഗങ്ങൾ തഹസിൽദാർ ജി വിനോദ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ സംഗീത് കുമാർ, ടി എഫ് ജോസഫ്, ഡിവൈഎസ്‌പി ആർ ബൈജുകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വായു നിറച്ച് ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകൾ, മരം മുറിച്ചുമാറ്റാൻ കഴിയുന്ന ഉപകരണങ്ങൾ, മറ്റ് അത്യാവശ്യ സേവനത്തിനുള്ള വസ്തുക്കൾ എന്നിവ കരുതിയിട്ടുണ്ട്. പുത്തൻവേലിക്കര പഞ്ചായത്ത് ഹാളിലാണ് സേനയുടെ ക്യാമ്പ്‌. പുത്തൻവേലിക്കര പഞ്ചായത്തിലെ തെനപ്പുറം പ്രദേശത്ത്‌ ചെറിയതോതിൽ വെള്ളംകയറി.  റോഡുകളിലും പറമ്പുകളിലും വെള്ളമെത്തി. ഇവിടെയുള്ള ചില വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലേക്കു മാറി. വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്‌. സബ്കലക്ടർ വിഷ്ണുരാജ് താലൂക്ക് ഓഫീസിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. Read on deshabhimani.com

Related News