വെറുപ്പിന്റെ രാഷ്‌ട്രീയം നവോത്ഥാനത്തിന് വെല്ലുവിളി
സ്വന്തം ലേഖകൻ മുട്ടം (കാർത്തികപ്പള്ളി) സമൂഹത്തെ വെവ്വേറെ കള്ളികളിലാക്കി തിരിച്ച് മുതലെടുപ്പ് നടത്തുന്ന സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്‌ട്രീയമാണ് നവോത്ഥാന കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നവോത്ഥാന സെമിനാർ. നിത്യജീവിതത്തിലെ പ്രതിസന്ധികളിലും നവോത്ഥാന ആശയങ്ങൾ മുറുകെപ്പിടിക്കാനാകണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് "നവോത്ഥാന മുന്നേറ്റങ്ങളും വർത്തമാനകാല വെല്ലുവിളികളും' സെമിനാർ സംഘടിപ്പിച്ചത്. നവോത്ഥാനം അടിമുടി മതനിരപേക്ഷമാണെന്നും അതിനെതിരെ ഉയരുന്ന എല്ലാ നീക്കവും ചെറുക്കണമെന്നും ഉദ്‌ഘാടനംചെയ്‌ത ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. എം എ സിദ്ദീഖ് പറഞ്ഞു. കേരളത്തിലല്ലാതെ ഇന്ത്യയിലൊരിടത്തും സർവമതസമ്മേളനം സാധ്യമല്ലാത്ത അന്തരീക്ഷമാണ്. ആളുകളെ പലതട്ടുകളായി തിരിച്ച് അധികാരം കൈക്കലാക്കുന്ന രാഷ്‌ട്രീയം വളരുന്നു. പുരോഗമന ആശയങ്ങൾ മുന്നോട്ടുവയ്‌ക്കുന്നവർക്ക് വലിയ വെല്ലുവിളി നേരിടേണ്ടിവരുന്നു. അവരവരുടെ മതത്തിലും ജാതിയിലുമേ ആളുകൾ ഇടപഴകാവൂവെന്ന സങ്കുചിത ആശയം ജാതിമത നേതാക്കൾ പ്രചരിപ്പിക്കുന്നു. ഇത്തരം ഭിന്നിപ്പുകളെ നേരിടാൻ നവോത്ഥാന ആശയങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിത്യജീവിതത്തിൽ നവോത്ഥാനമൂല്യങ്ങൾ കൈമോശം വരുന്നുണ്ടോയെന്ന് ആലോചിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ടി എസ് ശ്യാംകുമാർ പറഞ്ഞു. ആരുടെയും കാലിൽ വീഴുന്ന പ്രത്യയശാസ്‌ത്രത്തെ ഉപേക്ഷിക്കലാണത്. അന്തസായി ജീവിക്കാനുള്ള ഊർജമാണത്. ശ്രീനാരായണഗുരു വിഗ്രഹപ്രതിഷ്‌ഠ നടത്തിയ നാട്ടിൽ പൂജയ്‌ക്ക് ഇപ്പോഴും ബ്രാഹ്മണൻതന്നെ വേണമെന്ന ചിന്ത ചാതുർവർണ്യ ആശയത്തോടുള്ള വിധേയത്വമാണെന്നും അദ്ദേഹം പറഞ്ഞു. മുട്ടം ശ്രീരാമകൃഷ്‌ണ ആശ്രമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ, ജനറൽ കൺവീനർ എം സത്യപാലൻ, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗം എം സുരേന്ദ്രൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, സെമിനാർ കമ്മിറ്റി ചെയർമാൻ ടി എസ് താഹ, കൺവീനർ സി രത്നകുമാർ, ജോൺ ചാക്കോ എന്നിവർ പങ്കെടുത്തു. Read on deshabhimani.com