കാർഷിക കാഴ്‌ചകൾക്ക്‌ ഇന്ന്‌ സമാപനം

കരപ്പുറം കാർഷികക്കാഴ്‌ചകളിലെ പ്രദർശന പവലിയനിൽനിന്ന്‌


ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ 10 ദിവസംനീണ്ട ചേർത്തല പൊലിമ കരപ്പുറം കാർഷികക്കാഴ്‌ചകൾ ഞായറാഴ്‌ച സമാപിക്കും. പകൽ 2.30ന്‌ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി പി പ്രസാദ് നടത്തും. സ്വാഗതസംഘം ചെയർമാൻ വി ജി മോഹനൻ അധ്യക്ഷനാകും.  പരിസ്ഥിതിപ്രവർത്തകൻ കെ വി ദയാൽ, സംസ്ഥാന അധ്യാപക അവാർഡുജേതാവ് വി സവിനയൻ, ഒളിമ്പ്യൻ മനോജ്‌ലാൽ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ അവാർഡ് ജേത്രി ഡോ. എസ്‌ ജയശ്രീ എന്നിവരെ ആദരിക്കും. മത്സരവിജയികൾക്ക്‌ സമ്മാനംനൽകും.  കാണാനും വാങ്ങാനും ജനത്തിരക്ക്‌ പ്രദർശന–-വിപണന സ്‌റ്റാളുകളിൽ ദിവസവും വൻതിരക്കാണ്‌ അനുഭവപ്പെട്ടത്‌. സർക്കാർ–-സഹകരണ–-സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌റ്റാളുകളാണ്‌ പ്രദർശനത്തിലുണ്ടായിരുന്നത്‌. കുടുംബസമേതം ആയിരങ്ങൾ പവലിയൻ സന്ദർശിച്ചു. കാർഷികയിനങ്ങളും ആധുനിക കാർഷികയന്ത്രങ്ങളും സാങ്കേതികവിദ്യയും വിസ്‌മയത്തോടെയാണ്‌ സന്ദർശകർ വീക്ഷിച്ചത്‌.  സ്‌റ്റാളുകളിൽ വൻവിറ്റുവരാണ്‌ ലഭിച്ചത്‌. ഫുഡ്‌കോർട്ടിലും വിൽപ്പന റെക്കോഡിട്ടു.  സെമിനാർ  പ്രധാനവേദിയിൽ ഗാനരചയിതാവ്‌ രാജീവ് ആലുങ്കൽ സെമിനാർ ഉദ്‌ഘാടനംചെയ്‌തു. കാർഷികമേഖലയിൽ മൂല്യവർധന, സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള സാധ്യതകൾ വിഷയങ്ങളിലെ സെമിനാറുകൾ കായംകുളം കെ വി കെ സബ്ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌ ജിസി ജോർജ്, ഡോ. ജിഷ എ പ്രഭ എന്നിവർ നയിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ മായ എൻ ഗോപാലകൃഷ്‌ണൻ, സുജ ഈപ്പൻ എന്നിവർ സംസാരിച്ചു. പെയിന്റിങ് മത്സരവും മാലിന്യമുക്ത ചേർത്തല ആരോഗ്യമേഖലയുടെ പങ്ക് വിഷയത്തിൽ വികസന സെമിനാറും നടന്നു. തെങ്ങുകയറ്റ–-ഓലമെടയൽ മത്സരം ഇന്ന്‌ കരപ്പുറം കാർഷികക്കാഴ്‌ചകളുടെ ഭാഗമായി രാവിലെ ഒമ്പതിന്‌ തെങ്ങുകയറ്റ മത്സരവും ഓലമെടയൽ മത്സരവും ഉണ്ടാകും. 10.30ന് പ്രധാനവേദിയിൽ കുട്ടികർഷക സംഗമവും അനുഭവം പങ്കുവയ്‌ക്കലും. സംസ്ഥാന ബാലാവകാശ കമീഷനംഗം ജലജ ചന്ദ്രൻ  ഉദ്ഘാടനംചെയ്യും.  സംസ്ഥാന അവാർഡ് ജേതാവ് അർജുൻ അശോക് മുട്ടാർ, എസ്‌ പാർവതി, അനുശ്രീ, അയനശ്രീ എന്നിവർ അനുഭവങ്ങൾ പങ്കുവയ്‌ക്കും. Read on deshabhimani.com

Related News