വിളക്കുതെളിക്കാൻ മന്ത്രി രാധാകൃഷ്‌ണന് ദീപംനൽകി കൈപിടിച്ച് കൈതപ്രം
ചേർത്തല ശ്രീനാരായണഗുരു അനുസ്‌മരണവേദിയിൽ അയിത്തത്തിനും ജാതിവിവേചനത്തിനും എതിരെ കൈകോർത്ത് മന്ത്രി കെ രാധാകൃഷ്‌ണനും സംഗീതജ്‌ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും. തണ്ണീർമുക്കം മഹാസമാധിദിനാചരണ കമ്മിറ്റിയും ഗ്രാമജ്യോതി കയർസംഘവും നവമി സ്വാശ്രയസംഘവും ചേർന്നൊരുക്കിയ മാനവമൈത്രി സമ്മേളനമാണ് ഇരുവരും മഹദ്‌സന്ദേശത്തിന് വേദിയാക്കിയത്. ഉദ്‌ഘാടകനായ മന്ത്രി കെ രാധാകൃഷ്‌ണന് ദീപംനൽകി കൈപിടിച്ചാണ് കൈതപ്രം നിലവിളക്കുകൊളുത്തിച്ചത്. അയിത്തമില്ല, അയിത്തം കുഴപ്പമാണെന്നും ഉച്ചത്തിൽ പറഞ്ഞാണ് അദ്ദേഹം മന്ത്രിക്ക് ദീപം കൈമാറിയത്. തനിക്ക് ജാതി–-മത ഭേദമില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും യോഗത്തിൽ സംസാരിക്കവെ കൈതപ്രം പറഞ്ഞു. മന്ത്രി രാധാകൃഷ്‌ണനുണ്ടായ അനുഭവം സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജാതീയമായ ഉച്ചനീചത്വം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണീയ ദർശനങ്ങൾക്ക് പ്രസക്തിയേറെയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി അധ്യക്ഷനായി. ദിനാചരണ കമ്മിറ്റി ചെയർമാൻ സി പി ബോസ്‌ലാൽ ആമുഖപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി സി കെ ഷാജിമോഹൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി പി സുദർശനൻ, ജോസഫ് മാരാരിക്കുളം, ടോം ജോസ് ചമ്പക്കുളം, ജയറാം, ബേബി തോമസ്, ജിഷമോൾ എന്നിവർ സംസാരിച്ചു. കണ്ണൂരിലെ വിവാദമായ ക്ഷേത്രപരിപാടിയിലും മന്ത്രിയോടൊപ്പം കൈതപ്രം പങ്കെടുത്തിരുന്നു. Read on deshabhimani.com