അയൽക്കൂട്ടാംഗങ്ങൾ തിരികെ സ്കൂളിലേക്ക്
ആലപ്പുഴ അയല്‍ക്കൂട്ടാംഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ആസൂത്രണംചെയ്ത് നടപ്പാക്കുന്ന ‘തിരികെ സ്‌കൂളില്‍' ക്യാമ്പയിൻ ജില്ലാ ദ്വിദിന പരിശീലനം ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ത്രിതല സംഘടന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക, പുതിയകാല സാധ്യതകള്‍ക്ക് യോജിച്ച നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക, അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയാണ് തിരികെ സ്കൂള്‍ പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. ആലപ്പുഴ കയര്‍ മെഷീനറി ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ–-ഓർഡിനേറ്റർ പ്രശാന്ത് ബാബു, അസി. ജില്ലാ മിഷന്‍ കോ–-ഓർഡിനേറ്റർ കെ വി സേവ്യര്‍, സംസ്ഥാന കോർ ടീം അംഗം ബിജേഷ്, കൗണ്‍സിലര്‍ പി റഹിയാനത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന ക്യാമ്പയിനില്‍ മുഴുവൻ അയല്‍ക്കൂട്ടാംഗങ്ങളും അതാത് സിഡിഎസിന് കീഴിലെ ഒരു വിദ്യാലയത്തില്‍ പഠിക്കാനെത്തും. 1042 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അധ്യാപകരാകും. Read on deshabhimani.com