മേച്ചിൽഷീറ്റ്‌ ഉറപ്പിക്കാൻ പുതിയ ഉപകരണവുമായി കെഎസ്‌ഇബി എൻജിനിയർ

ബൈജു വികസിപ്പിച്ചെടുത്ത മാഗ്‌നെറ്റിക് ബേസ് പർലിൻ പോയിന്റർ


ചേർത്തല കെട്ടിടങ്ങളുടെ ഷീറ്റ്മേൽക്കൂര നിർമാണത്തിലെ സാങ്കതിക ബുദ്ധിമുട്ട്‌ ഒഴിവാക്കാനുള്ള ഉപകരണവുമായി കെഎസ്‌ഇബി എൻജിനിയർ കെ സി ബൈജു. ലോഹപ്പട്ടികയ്‌ക്ക്(പർലിൻ) മുകളിൽ  മേച്ചിൽഷീറ്റ് സ്‌ക്രൂചെയ്‌ത്‌ ഉറപ്പിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതാണ്‌ ഉപകരണം. ലോഹഷീറ്റിന് അടിയിലുള്ള പട്ടികയുടെ സ്ഥാനം കൃത്യമായി കാണാനാകാത്തതിനാൽ സ്‌ക്രൂ സ്ഥാപിക്കാനുള്ള പ്രയാസം ഉപകരണത്തിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന്‌ ബൈജു അവകാശപ്പെടുന്നു.  ദ്രവിക്കാതിരിക്കാൻ പൗഡർകോട്ടിങ്, പെയിന്റ്, ഗാൽവനൈസ് തുടങ്ങിയ കവചമുള്ള മേച്ചിൽഷീറ്റുകളിൽ ഏതെങ്കിലും ഉപകരണം ഉപയോഗിച്ച്‌ കുത്തിയാണ് സ്‌ക്രൂചെയ്യാനുള്ള പട്ടികയുടെ സ്ഥാനം കണ്ടെത്തുന്നത്. ഇത്‌ കവചം നശിക്കുന്നതിനും ഷീറ്റിന്റെ ആയുസ്‌ കുറയ്‌ക്കുന്നതിനും കാരണമാകാറുണ്ട്.  സാഹസികമായ ഇത്തരം ജോലി അപകടങ്ങളും സൃഷ്‌ടിക്കാറുണ്ട്. ഇതിനൊക്കെ പരിഹാരമാണ് ‘മാഗ്‌നെറ്റിക് ബേസ് പർലിൻ പോയിന്റർ’ എന്ന ഉപകരണമെന്ന്‌ ബൈജു അവകാശപ്പെടുന്നു.  കാന്തം ഉപയോഗിച്ച് ലോഹഭാഗങ്ങളിൽ ഉറപ്പിക്കാവുന്ന ബേസും തിരശ്‌ചീനമായി ആവശ്യാനുസരണം നീക്കാവുന്ന ഫ്രെയിമും ചെറുബാറ്ററിയിൽ പ്രവർത്തിക്കുന്ന ലേസർപോയിന്റും കൂട്ടിച്ചേർത്താണ് ഉപകരണം നിർമിച്ചത്‌. 400 രൂപ ചെലവിൽ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന്‌ ബൈജു പറഞ്ഞു. പട്ടണക്കാട്‌ മേനാശേരി വിസ്‌മയം(വടക്കേകളരിക്കൽ) ബൈജു കെഎസ്‌ഇബിയുടെ പ്രത്യേക ഇന്നവേഷൻ യൂണിറ്റ്‌ മൈഡിയയിൽ അസി. എൻജിനിയറാണ്‌. വൈക്കം ആശ്രമം സ്‌കൂൾ അധ്യാപിക അശ്വതിയാണ്‌ ഭാര്യ. മകൻ: അക്ഷയ്‌ ബൈജു. Read on deshabhimani.com

Related News