മിഴി തുളുമ്പി, ഷഹ്‌നായ് പാടുമ്പോൾ
പാലക്കുന്ന് അണമുറിയാതെ താളം പിറക്കുന്ന വിരലുകളിൽ നിന്നുതിർന്ന താളമായിരുന്നോ... ആ ഷെഹ്‌നായ് വായനയിൽ ഒഴുകിയെത്തിയത്. ആരോഹണ അവരോഹണ ശ്രുതികൾക്കൊടുവിൽ തബലയിലെ വിരൽച്ചിറകടിപോലെ ചുണ്ട് താളം പിടിച്ചിരുന്നു. ഷെ്‌ഹനായിയിൽ. സ്‌നേഹവും വിരഹവും ദു:ഖവുമെല്ലാം ഷഹ്‌നായിയിലൂടെ ഉസ്താദ് ഹസ്സൻഭായിയുടെ ചുണ്ടിൽനിന്നുതിർന്നപ്പോൾ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിലെത്തിയവർക്കത് അപൂർവ അനുഭവമായി. മലയാളികളിൽ മറ്റാർക്കും അധികം വഴങ്ങിയിട്ടില്ലാത്ത ഷഹ്‌നായിയിൽ ഉസ്താദ് ഹസ്സൻ ഭായിയാണ് തബലയിൽ മാന്ത്രികത തീർത്ത സാക്കിർ ഹുസൈനെ സ്മരിക്കാൻ ഷഹ്‌നായി വായിച്ചത്. പാലക്കുന്ന് അംബിക ലൈബ്രറിയായിരുന്നു സംഘാടകർ. ഷഹ്നായ് വിദഗ്ധൻ ബിസ്മില്ലാഖാന്റെ ശിഷ്യനും പാലക്കുന്ന് അംബികാ കലാകേന്ദ്രത്തിലെ സംഗീതോപകരണ അധ്യാപകനുമാണ് ഹസ്സൻഭായി. ഇതേവേദിയിൽ അതേസമയം അംബിക ആർട്സ് കോളേജ് അധ്യാപകൻ എൻ എ ജയദേവൻ സാക്കിർ ഹുസൈന്റെ ചിത്രംവരച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ചടങ്ങിൽ ബിസ്മില്ലാഖാൻ ഉപഹാരമായി സമ്മാനിച്ച ഷഹ്നായ് ഉപയോഗിച്ചാണ് ഹസ്സൻഭായി ഒരുമണിക്കൂർ നീണ്ട ഷഹ്നായ് സംഗീതമാലപിച്ചത്. ശിഷ്യരായ മേഘനയും ഗൗതവും ഉപ്പള ശിവാനന്ദനും പിന്നണിയൊരുക്കി Read on deshabhimani.com