ജില്ലാ വികസനസമിതി യോഗം 17 വരെ ദേശീയപാതയിൽ സംയുക്ത പരിശോധന
കാസർകോട് റോഡപകടങ്ങൾ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ദേശീയപാതയിൽ സബ്കലക്ടർ, ജില്ലാ പോലീസ് മേധാവി ആർടിറഒ എന്നിവരുടെ നേത്വത്തിൽ സംയുക്ത പരിശോധന നടത്തും. ഡിസംബർ 31ന് മുഴുവൻ സമയവും സംയുക്ത സ്‌ക്വാഡ് പരിശോധനയുണ്ടാകും. ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ ദേശീയ പാത നിർമാണ കമ്പനി മറുപടി പറയണമെന്നും ഇടുങ്ങിയ പാതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷപമെന്നും ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ജനുവരി രണ്ടാംവാരത്തോടെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുറ്റിക്കോൽ 110 കെവി സബ്‌സ്റ്റേഷന്റെ നിർമാണ പ്രവൃത്തി 80 ശതമാനം പൂർത്തിയായെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ അറിയിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ പ്രവൃത്തി പുരോഗതി സംബന്ധിച്ച് സംസാരിച്ചപ്പോഴാണ് വിവരങ്ങൾ അറിയിച്ചത്. ടാറ്റ ആശുപത്രിയിലെ കണ്ടെയ്‌നറുകൾ ആവശ്യപ്പെടുന്ന വകുപ്പുകൾക്ക് നൽകി എത്രയുംപെട്ടെന്ന് ഒഴിവാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. കൊടക്കാട് എംആർഎസിന് ഗ്രൗണ്ട് ഒരുക്കുന്നതും ശുദ്ധജലം ലഭ്യമാക്കുന്നതുമായ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച ആംബുലൻസ് ഡ്രൈവർമാർക്ക് തുക ലഭിച്ചില്ലെന്ന പരാതിയുണ്ടെന്ന് എംഎൽഎ അറിയിച്ചു. ഭീമനടി റസ്റ്റ് ഹൗസ് നിർമ്മാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ ത്വരിതപ്പെടുത്താൻ എംഎൽഎ നിർദ്ദേശം നൽകി. ദേശീയപാതയിൽ ഷിറിയ സ്‌കൂളിന് ഓവർ ഹെഡ് വാക്ക് വേ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി പറഞ്ഞു. ഗോത്രകലാഗ്രാമം സ്ഥാപിക്കുന്നതിന് ഉടൻ സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എഡിഎം പി അഖിൽ അധ്യക്ഷനായി. Read on deshabhimani.com