ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചുവീണ്‌ യാത്രക്കാരി മരിച്ചു

ഇന്ദിരാദേവി, തിരുവില്വാമലയില്‍ വീട്ടമ്മ മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ 
കൊല്ലങ്കോട്–-കാടാമ്പുഴ റൂട്ടിലോടുന്ന മര്‍വ ബസ്


തിരുവില്വാമല ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു. തിരുവില്വാമല പട്ടിപ്പറമ്പ് ചക്കിങ്ങൽ വീട്ടിൽ ഇന്ദിരാദേവി (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം.  കാടാമ്പുഴ ക്ഷേത്ര ദർശനത്തിനായി വീട്ടിൽനിന്ന് ബന്ധുക്കൾക്കൊപ്പം തിരിച്ചതായിരുന്നു ഇന്ദിരാദേവി. തവക്കൽപടി സ്റ്റോപ്പിൽ നിന്നും കയറിയ ഉടൻ സുബി പാലസിനുസമീപത്തെ വളവിൽ വച്ചായിരുന്നു അപകടം.  ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല. കൊല്ലങ്കോട് കാടാമ്പുഴ റൂട്ടിലോടുന്ന മർവ ബസിൽനിന്നാണ് തെറിച്ചുവീണത്. റോഡിൽ ചത്തുകിടന്ന പൂച്ചയുടെ മുകളിൽ ടയർ കയറാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമെന്നാണ് യാത്രക്കാർ പറഞ്ഞു. അപകടമുണ്ടായ ഉടനെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. പിന്നീട് ഡ്രൈവർ പഴമ്പാലക്കോട് സ്വദേശി അബ്ദുൾ സക്കീർ ഹുസൈൻ പഴയന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്കെതിരെ പൊലീസ് കുറ്റകരമായ (മനപൂർവമല്ലാത്ത) നരഹത്യക്ക് കേസെടുത്തു. ഭർത്താവ്: പരേതനായ സത്യ നാരായണൻ.  മകൻ: സുദീപ്. മരുമകൾ: ആതിര. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം തിങ്കൾ പകൽ 11ന് പാമ്പാടി ഐവർമഠത്തിൽ.   Read on deshabhimani.com

Related News