കാനാമ്പുഴ പുനരുജ്ജീവനം ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു
തിലാന്നൂർ സംസ്ഥാനത്തെ ആദ്യ നദിപുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. എളയാവൂർ കൂടത്തിൻ താഴെയിൽ പുഴയോരത്ത് നടന്ന ചടങ്ങിൽ കൗൺസിലർ കെ നിർമല അധ്യക്ഷയായി. ഹരിത കേരളം മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഇ കെ സോമശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ കെ പ്രദീപൻ, കെ കെ പ്രകാശൻ, കെ പി രജനി, എസ് ഷാഹിന, കെ ബാബുരാജ്, പി ഭരതൻ, എം പി രാഗിണി, എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കോൺട്രാക്ടർമാരായ കെ ടി ദേവസ്യ, എം കെ രത്നാകരൻ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. കൈയേറ്റങ്ങളും കരയിടിച്ചിലും മാലിന്യം തള്ളലും കാരണം നാശോൻമുഖമായി മാറിയ 10 കിലോ മീറ്റർ ദൈർഘ്യമുള്ള പുഴയെ ജനകീയ പങ്കാളിത്തത്തോടെയാണ് വീണ്ടെടുത്തത്. ചേലോറ ശിശു മന്ദിരം റോഡ് മുതൽ ചൊവ്വ റെയിൽവേ പാലം വരെയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. ഇരുകരകളും കെട്ടി ഭദ്രമാക്കൽ, നടപ്പാത, സോളാർ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ എന്നിവ പൂർത്തിയായി. കാനാമ്പുഴയെ വീണ്ടെടുത്തത് കാർഷിക മേഖലയ്‌ക്കും വലിയ നേട്ടമായി. ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽനിന്നും 4.40 കോടി രൂപ ഉപയോഗിച്ച് ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗങ്ങളിലും കണ്ണൂർ മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ട് കോടി രൂപ ഉപയോഗിച്ച് ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയുള്ള ഭാഗങ്ങളിലുമാണ് പുനരുദ്ധാരണം നടത്തിയത്. എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യവും വർധിപ്പിച്ചു. ബജറ്റിൽ അനുവദിച്ച നാലുകോടി രൂപയുടെ പ്രവൃത്തി രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കും. Read on deshabhimani.com