"ഞങ്ങൾക്ക് വേണ്ടിയും ഈ ലോകം മാറണം...’
കണ്ണൂർ രോഗാതുരമായ അവസ്ഥ, ഒറ്റപ്പെടൽ... വാർധക്യം ജീവിതത്തിനുമുന്നിൽ തീർക്കുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കുമെന്ന് അവർ പറയുകയായിരുന്നു. മാറുന്ന ലോകം വയോജനങ്ങളെക്കുറിച്ചുള്ള ചിന്ത എത്രമാത്രം ഉൾക്കൊള്ളുന്നുവെന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. കണ്ണൂർ കൃഷ്‌ണമേനോൻ ഗവ. വനിതാ കോളേജ് എൻഎസ്‌എസ് യൂണിറ്റ് സപ്‌തദിന ക്യാമ്പ് ‘യുവ’യുടെ ഭാഗമായാണ് കണ്ണപുരം പഞ്ചായത്തിൽ വയോജനക്ഷേമ സർവേ സംഘടിപ്പിച്ചത്. ചെറുകുന്ന് ഗവ. ബോയ്‌സ് എച്ച്‌എസ്‌എസിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി കണ്ണപുരം പഞ്ചായത്തിലെ നാലാം വാർഡിലെ 166 വീടുകളിലാണ് വളന്റിയർമാർ വയോജനക്ഷേമ സർവേ സംഘടിപ്പിച്ചത്. ‘വെള്ള സോക്‌സിട്ട മുടിനാരുകൾ’ എന്നാണ് സർവേയ്‌ക്ക് പേരിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് കെ രതിയുടെ മാർഗനിർദേശത്തിൽ നടന്ന സർവേയിൽ കായികാരോഗ്യം, സാമ്പത്തികനില, സാമൂഹിക അംഗീകാരം, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയാണ് പരിശോധിച്ചത്. ഉറ്റവരിൽനിന്ന് പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അടിസ്ഥാനസൗകര്യങ്ങൾ വയോജന സൗഹൃദമാവണം. ആഹാര കാര്യത്തിലുൾപ്പടെ മാറ്റങ്ങൾ ഉൾപ്പെടുത്തി ജീവിതശൈലിയിൽ മാറ്റം വരുത്തണം. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പെൻഷൻ വീട്ടുപടിക്കലെത്തിക്കുന്നതാണ് നല്ലതെന്ന് ഭൂരിഭാഗംപേരും പറഞ്ഞു. വയോജനങ്ങൾക്ക് ഒത്തുകൂടാനും സമയം ചെലവിടാനുമുള്ള ഇടങ്ങൾ സ്ഥാപിക്കണം. സർഗാത്മകപ്രവർത്തനങ്ങൾ പ്രോത്സാഹനം നൽകാനുള്ള ഇടങ്ങൾ ഒരുക്കാൻ എൻജിഒകളും കൈകോർക്കണമെന്നും ആവശ്യമുയർന്നു. പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്, ആശാ വർക്കർ കെ വി സുഷമ എന്നിവരും വിദ്യാർഥിനികളെ സർവേയിൽ സഹായിച്ചു. പ്രദേശത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നിർദേശങ്ങളടങ്ങുന്ന സർവേ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ രതിക്ക് സമർപിച്ചു. വേറിട്ട പ്രവർത്തനങ്ങളുമായാണ് വനിതാ കോളേജ് എൻഎസ്‌എസിന്റെ ക്യാമ്പ് പൂർത്തിയായത്. എം വിജിൻ എംഎൽഎയാണ് ക്യാമ്പ് ഉദ്‌ഘാടനംചെയ്‌തത്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റംഗം എം സുകുമാരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു എന്നിവർ മുഖ്യാതിഥിയായി. ഭിന്നശേഷി ഒരു സവിശേഷ ശേഷിയോ?, സമത്വം യുവത്വം, വനിതകളോട് പറയാനുള്ളത് തുടങ്ങിയ വിഷയങ്ങളിൽ സംവാദം നടന്നു. ലഹരി അവബോധം, ശുചീകരണം, ക്രിസ്‌മസ് ആഘോഷം എന്നിവയയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹൻ, ഡോ. കെ പി നിധീഷ്, നമ്രത മനോഹരൻ, എ സിദാന, ടി ദേവിക, ആൻ മരിയ സെബാസ്‌റ്റ്യൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com