ലക്ഷ്യത്തിലേക്ക്‌ 
വെടിയുതിർത്ത്‌ കുട്ടിപ്പട്ടാളം

അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ 
കോളേജിൽ സമാപിച്ച പത്ത്‌ ദിവസത്തെ 
എൻസിസി സിഎടിസി ക്യാമ്പിൽ നിന്ന്‌.


  ഇരിട്ടി കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്‌ന്നു കിടന്ന്‌ ഉന്നംവച്ച്‌ കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട   ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ പിറകിൽ നാനൂറിൽപ്പരം കാഡറ്റുകളുടെ കൈയടി. പരിശീലകരായി എത്തിയ സൈനികരുടെയും എൻസിസി ഓഫീസർമാരുടെയും ‘വെൽഡൺ’ വിളി പിന്നാലെ.  അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജിൽ സമാപിച്ച പത്ത്‌ നാളത്തെ സിഎടിസി എൻസിസി ക്യാമ്പ്‌ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നുമെത്തിയ 468 എൻസിസി കാഡറ്റുകൾക്ക്‌ ദേശസുരക്ഷയുടെ പ്രതിരോധ പാഠങ്ങൾ പകർന്നു നൽകി. ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനി മുതൽ ബിരുദ വിദ്യാർഥികൾ വരെയായി 236 പെൺകുട്ടികൾ തോക്കേന്തി കാഞ്ചി വലിച്ച്‌ ലക്ഷ്യത്തിലേക്ക്‌ വെടിയുണ്ട പായിച്ച ആവേശവുമായാണ്‌ ക്യാമ്പിൽനിന്ന്‌ മടങ്ങുന്നത്‌. ഒപ്പമുണ്ടായിരുന്ന 232 ആൺകുട്ടികൾക്കും ക്യാമ്പ്‌ ഹരമായി.      തലശേരി വൺ കേരള ആർടിലറി ബാറ്ററിക്ക്‌ കീഴിലാണ്‌ തലശേരി ബ്രണ്ണൻ കോളേജ്‌ അടക്കമുള്ള കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 468 പേരാണ്‌ അങ്ങാടിക്കടവ്‌ ക്യാമ്പിൽ എത്തിയത്‌. കളരി പരിശീലനവും ഡ്രിൽ ഉൾപ്പെടെയുള്ള പാഠങ്ങളുമായിരുന്നു ക്യാമ്പിൽ. കേണൽ സഞ്ജയ്‌ പിള്ള, ബീരേന്ദ്രകുമാർ എടന്നിവർ അടക്കമുള്ള എട്ട്‌ ഉന്നത സൈനിക ഓഫീസർമാർ പരിശീലകരായി എത്തി. തലശേരി സിവിഎൻ കളരി സംഘമാണ്‌  കളരിമുറകളിൽ പരിശീലനം നൽകിയത്‌. കായിക പരിശീലനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ എസ്‌ കെ നായരും സ്‌ത്രീശാക്തീകരണത്തെക്കുറിച്ച്‌ ഡോ. രാമശക്തിയും ലഹരിവിരുദ്ധ വിഷയത്തിൽ അഡ്വ. ഷീജാ ഇമ്മാനുവലും ഡോ. ജോ ജയിംസും ക്ലാസെടുത്തു.  യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ്‌ ലക്ഷ്യം.  മറക്കില്ല,  ക്യാമ്പനുഭവങ്ങൾ നാനൂറിൽപ്പരം എൻസിസി കാഡറ്റുകൾക്കും പരിശീലകരായി എത്തിയ ഉന്നത സൈനികർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി ആതിഥേയത്വം വഹിച്ച അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജ്‌ അധികൃതരുടെ സഹായവും പിന്തുണയും മറക്കാനാവാത്ത അനുഭവമാണെന്ന്‌ പരിശീലനത്തിന്‌ ചുക്കാൻ പിടിച്ച എൻസിസി ഓഫീസർമാരായ പി ജെ സഞ്ജു, എൻ രാജീവൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക്‌ പ്രതിരോധ സേനാ സേവനത്തിൽ ഭാവിയിൽ വഴിത്തിരിവായേക്കാവുന്ന നിലയിലുള്ള സംയോജിത വാർഷിക പരിശീലന ക്യാമ്പ്‌ നടത്താൻ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ്‌ കോളേജ്‌ അധികൃതർ ഒരുക്കിയതെന്നും ക്യാമ്പ്‌ അംഗങ്ങളും അറിയിച്ചു. Read on deshabhimani.com

Related News