ഹരിതപ്രഭയിൽ 1233 വിദ്യാലയം
കൊല്ലം ജില്ലയിലെ 1130 സ്കൂളും 103 കോളേജും ഹരിതപട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാലയങ്ങൾ ഹരിതമായത്. അഞ്ചുഘട്ടത്തിലായി പൂർത്തിയാക്കുന്ന ജനകീയ ക്യാമ്പയിന്റെ ഒന്നാംഘട്ടം നവംബർ ഒന്നിന് അവസാനിച്ചിരുന്നു. രണ്ടാംഘട്ടം പൂർത്തീകരണം 31-നാണ്. ജില്ലയിൽ ആകെയുള്ള 1223 സ്കൂളിൽ 1130 എണ്ണവും 110 കോളേജിൽ 103 എണ്ണവുമാണ് ഹരിതപട്ടം അണിഞ്ഞത്. ശുചിത്വ, മാലിന്യസംസ്കരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയാണ് പദവി നൽകുന്നത്. ഒന്നാംഘട്ടത്തിൽ ജില്ലയിലെ 725 വിദ്യാലയവും 51 കലാലയവും പദവിയിൽ എത്തിയിരുന്നു. മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള പ്രശ്‌നം പരിഹരിച്ച് മാർച്ച് 31-നു മുമ്പ് ശുചിത്വപ്രഖ്യാപനം നടത്തുന്നതിനുള്ള തീവ്രയജ്ഞം ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഹരിതകേരളം മിഷൻ തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ഗൂഗിൾ ഫോമിലൂടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ എ ഗ്രേഡും എ പ്ലസ് ഗ്രേഡും ലഭിക്കുന്ന സ്ഥാപനങ്ങളെയാണ് ഹരിത സ്ഥാപനമായി പ്രഖ്യാപിക്കുന്നത്. കൂടാതെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയും ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള പരിശോധന ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ ഏകോപനത്തിൽ നടന്നുവരുന്നു. Read on deshabhimani.com