വേറെ 
ലെവലാകും നമ്മുടെ 
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക്


തൃക്കരിപ്പൂർ   ജില്ലയിൽ ഏറ്റവുംകൂടുതൽ റെയിൽവേ ലെവൽ ക്രോസിങ്ങുകളുള്ള  പഞ്ചായത്തായ തൃക്കരിപ്പൂരിൽ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ കരുക്കൊഴിവാക്കാൻ മേൽപ്പാലങ്ങൾ വരുന്നു . ഒളവറ, രാമവില്യം, ബീരിച്ചേരി, വെള്ളാപ്പ് റോഡ്, പടന്ന പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഉദിനൂർ ഗേറ്റിലുമായി അഞ്ച് മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.  എടച്ചാക്കൈ നടക്കാവ്, ബീരിച്ചേരി, വെള്ളാപ്പ് എന്നിവ കേരള റോഡ്സ്‌ ആൻഡ്‌  ബ്രിഡ്ജസ് കോർപ്പറേഷനും  എളമ്പച്ചി, ഒളവറ എന്നിവിടങ്ങളിൽ കെ റെയില്‍ കോർപ്പറേഷനുമാണ് നിർമാണ കരാർ ഏറ്റെടുത്തത്. എം രാജഗോപാലന്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി എടച്ചാക്കൈ നടക്കാവ്, ബീരിച്ചേരി, വെള്ളാപ്പ്  മേല്‍പ്പാലങ്ങള്‍ നിർമിക്കാൻ  113.56 കോടി രൂപ പൂർണമായും നല്‍കുന്നത് കിഫ്ബി മുഖേന സംസ്ഥാന സർക്കാരാണ്. ലെവല്‍ക്രോസ് രഹിത സംസ്ഥാനം എന്ന ലക്ഷ്യം മുന്‍നിർത്തി സംസ്ഥാന സർക്കാർ മേൽനോട്ടത്തിലാണ്  നിർമാണം. എളമ്പച്ചി, ഒളവറ  മേല്‍പ്പാലങ്ങള്‍ക്ക് 50 ശതമാനംവീതം റെയില്‍വേയും സംസ്ഥാന സർക്കാരും തുക അനുവദിച്ചു.സംസ്ഥാന സർക്കാരിന്റെ സംയുക്ത ഏജന്‍സിയായ കെറെയിലാണ് നിർവഹണ ഏജന്‍സി.ടൂറിസം ഭൂപടത്തിൽ ഇടംനേടിയ വലിയപറമ്പിനും   വലിയ പ്രതീക്ഷയാണിത്‌.മുൻ എംപി പി കരുണാകരന്റെ ശ്രമഫലമായി 2016 ലാണ് അഞ്ച് മേൽപാലങ്ങൾക്കും അനുമതി ലഭിച്ചത്. ബീരിച്ചേരി ഗേറ്റിൽ പാലം നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നടപടിക്കായി ഇടപെടൽ നടക്കുന്നതിനിടെയാണ മൂന്നാം പാതയുടെ നടപടി റെയിൽവേ ആരംഭിച്ചത്. 
   ഇതാണ് കാലതാമസം നേരിട്ടത്. ദേശീയപാതയെ ഏഴിമല നാവിക അക്കാദമിയുമായി ബന്ധിപ്പിക്കുന്ന   പ്രധാന പാതകൂടിയാണിത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർകാരിന്റെ കിഫ്ബി പദ്ധതിയിൽ തുക അനുവദിച്ചത് നടപടി വേഗത്തിലാക്കി.    പ്രതീക്ഷയോടെ ചന്തേര പിലിക്കോട്  പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്നതിന് ചന്തേരയിൽ മേൽപ്പാലം വേഗത്തിലാകുമെന്ന് പ്രതീക്ഷ. എം രാജഗോപാലൻ എംഎൽഎയുടെയും സിപിഐഎമ്മിന്റെയും ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ ബജറ്റിൽ 20 കോടി രൂപ ടോക്കൺ തുക അനുവദിച്ചിരുന്നു. നിർമാണത്തിനുള്ള പ്രാഥമിക നടപടി തുടങ്ങി.    പടന്ന,  വലിയപറമ്പ് പഞ്ചായത്തുകളിലുള്ളവർക്ക്‌ എളുപ്പത്തിൽ ദേശീയപാതയുമായി ബന്ധപ്പെടാനും   പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് തൃക്കരിപ്പൂർ പോളിടെക്നിക്കുൾപ്പെടെ കാലിക്കടവ് ദേശീയപാതയിലേക്കും വേഗത്തിൽ എത്തിപ്പെടാനാകും.  നിലവിൽ  10 കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചുവേണം  മേഖലയിലെത്താൻ. ഒന്നരക്കോടി രൂപ ചിലവിട്ട് നിർമിച്ച അടിപ്പാത ജനങ്ങൾക്ക് ഉപകാരമായില്ല.  മേഖലയിൽ ലെവൽക്രോസില്ലാത്തതാണ് മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കാതിരുന്നത്.  ചന്തേര റെയിൽവേ സ്റ്റേഷന് സമീപത്തെ റോഡുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ മേൽപ്പാലം.    തൃക്കരിപ്പൂരിൽ 
താൽകാലിക അടിപ്പാത:  
ചെറുവാഹനങ്ങൾക്ക് പോകാം   റെയിൽവേ സ്റ്റേഷന് സമീപത്തുള്ള  റെയിൽവേയുടെ താൽക്കാലിക അടിപ്പാത നാട്ടുകാരുടെ നിരന്തര മുറവിളിക്കുശേഷം താൽകാലികമായി തുറന്നുകൊടുത്തു. ഇരുചക്രവാഹനങ്ങൾ കടന്നുപോകാനാണ്‌ അനുമതി. സെന്റ്‌പോൾസ്  സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ ഗേറ്റിൽ കുടുങ്ങാതെ വേഗത്തിൽ എത്തുന്നതിന് അടിപ്പാത ഉപകരിക്കും. തൃക്കരിപ്പൂർ ശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമാന്തര റോഡും അടിപ്പാതയിൽ കോൺക്രീറ്റ് ചെയ്‌തും ഗതാഗത യോഗ്യമാക്കിയത്. സ്റ്റേഷൻ റോഡിനെ പേക്കടം റോഡുമായി ബന്ധിപ്പിക്കുന്ന അടിപ്പാത കാൽനട യാത്രക്കാർക്കും ഗുണകരമാണ്.   ഒളവറയിലും ഇളമ്പച്ചിയിലും ഭൂമി ഏറ്റെടുക്കും   സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായിരുന്ന ഒളവറ– ഉളിയം കടവ് സ്മാരകത്തിലേക്കുള്ള ഗതാഗതം ഒളവറ റെയിൽവേ  ഗേറ്റ് വഴിയാണ്. ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌.  മുൻ എംപി പി കരുണാകരന്റെയും എം രാജഗോപാലൻ എംഎൽഎയുടെയും ഇടപെടലിന്റെ ഫലമായാണ്‌ പാലത്തിന്‌ അനുമതിയായത്‌.  15.9 കോടിയാണ് ചിലവ്.  റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചെലവ് തുല്യമായി വഹിക്കും. വിശദ പദ്ധതി റിപ്പോർട്ടും അന്തിമ പരിശോധനയും പൂർത്തിയായി. ഭൂമി ഏറ്റടുക്കുന്നതിന് മുമ്പായി വീടും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ  പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാർ സഹായം നല്‍കുന്നതിനുള്ള  രേഖ പരിശോധനയും അഭിപ്രായ ശേഖരണവും നടത്തി.  21 പേരുടെ കെട്ടിടവും വീടുൾപ്പെടെ ഭൂമിയാണ്  ഏറ്റെടുക്കുന്നത്. രാമവില്യം ഗേറ്റിൽ 15. 6 കോടിയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്.  ഇതോടെ പഞ്ചായത്തിനെ രണ്ട് ഭാഗമായി തിരിച്ച് നടുകെ കടന്നുപോകുന്ന പ്രധാന റെയിൽവേ ലൈനിൽ മേൽപ്പാലം അനുവദിച്ചു. അഞ്ചുവർഷം മുമ്പ് എളമ്പച്ചി തലിച്ചാലം ഗേറ്റ് ഒഴിവാക്കി അടിപ്പാതയൊരുക്കി. സമാന രീതിയിൽ രാമവില്യം ഗേറ്റിലും അടിപ്പാത നിർമിക്കാനായിരുന്നു റെയിൽവേയുടെ തീരുമാനം. പി കരുണാകരന്റെ  ഇടപെടലിനെ തുടർന്നാണ് ഇവിടേയും പാലം അനുവദിച്ചത്. പാലക്കാട് ഡിവിഷനിലെ മുഴുവൻ ലെവൽ ക്രോസുകളും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാതയും മേൽപ്പാലവും വേഗത്തിൽ പൂർത്തിയാക്കാൻ റെയിൽവേ  തീരുമാനം.   അഞ്ച് മേൽപ്പാലങ്ങൾ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും  കുതിപ്പാകും. പടന്ന, പിലിക്കോട്, വലിയപറമ്പ്‌, തൃക്കരിപ്പൂർ  പഞ്ചായത്തുകളിലെ വാഹന യാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റിൽ നിന്നുമുള്ള മോചനം പെട്ടെന്ന്  സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.      Read on deshabhimani.com

Related News