കാഴ്‌ചക്കാരിൽ വിസ്‌മയം തീർത്ത് ‘അനന്ത ശയനം’
തിരുവനന്തപുരം ‘അനന്ത ശയനം’ ശിൽപ്പത്തിന് ഏഴുലക്ഷം രൂപ. വില അൽപ്പം കൂടുതലാണെന്ന് കരുതേണ്ട. സംസ്ഥാന സർക്കാരിന്റെ കരകൗശല അവാർഡ് ലഭിച്ച ശിൽപ്പമാണ്. ശിൽപ്പി മണക്കാട് സ്വദേശി എൻ കമലാസനൻ. ഇതാദ്യമാണ് ശിൽപ്പം പ്രദർശനത്തിന് എത്തിക്കുന്നത്. തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന ശിൽപ്പ് സമാഗം മേളയിലാണ് കമലാസനന്റെ ശിൽപ്പമുള്ളത്. ഈട്ടി തടിയിലാണ് തയ്യാറാക്കിയത്. അയപ്പൻ, നരസിംഹം, ശിവൻ, ഗണപതി, വ്യാസൻ, ദ്വാരപാലകൻ, മഹാവിഷ്ണു, ഭൂമി ദേവി, ശ്രീദേവി, ദ്വാരക പാലകൻ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഗരുഡൻ, ശ്രീകൃഷ്ണൻ, ലക്ഷ്മി, ബ്രഹ്മാവ് തുടങ്ങിയ ശിൽപ്പങ്ങളും ഇതിനൊപ്പമുണ്ട്. ഒന്നരവർഷത്തെ പരിശ്രമമാണ് ശിൽപ്പമെന്ന് കമലാസനൻ പറഞ്ഞു. 73ാം വയസിലാണ് ഇത് തയ്യാറാക്കിയത്. 11 –-ാം വയസിലാണ് ശിൽപ്പമുണ്ടാക്കാൻ പഠിച്ചത്. കൊച്ചച്ചനായിരുന്നു പ്രചോദനം. ആറുപതിറ്റാണ്ടുകളിലായി നിരവധി ശിൽപ്പങ്ങൾ ചെയ്‌തു. വാഹനാപകടമുണ്ടാക്കിയ ശാരീരിക പ്രയാസമുണ്ടെങ്കിലും വീട്ടിൽനിന്ന് ഇപ്പോഴും സജീവമായി രംഗത്തുണ്ട്. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണവകുപ്പിന്റെ നേതൃത്വത്തിലുള്ള മേളയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 30 ഓളം സ്റ്റാളുകളുണ്ട്. 31ന് സമാപിക്കും. Read on deshabhimani.com