കച്ചവടം ഉഷാറായി

പത്തനംതിട്ട നഗരത്തിലെ കടയിൽനിന്ന് സ്‌കൂൾ ബാഗുകൾ വാങ്ങുന്നവർ


പത്തനംതിട്ട സ്‌കൂൾ തുറക്കാൻ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണിയിൽ തിരക്കേറുന്നു. മെയ്‌ ആദ്യ ആഴ്‌ചയിൽ തന്നെ സ്‌കൂൾ വിപണി ആരംഭിച്ചിരുന്നെങ്കിലും മെല്ലെപൊയ കച്ചവടം  ഒരാഴ്‌ചയായി  ഉഷാറായി.  പാഠപുസ്‌തകങ്ങളും യൂണിഫോമും സ്‌കൂളുകളിലൂടെ സർക്കാർ സൗജന്യമായി  വിതരണം ചെയ്യുമ്പോൾ വ്യത്യസ്‌തങ്ങളായ ബാഗുകളും കുടകളുമായാണ്‌ സ്‌കൂൾ വിപണി ഒരുങ്ങിയിരിക്കുന്നത്‌.    സ്‌കൂൾ തുറക്കുന്നതിന്‌ സാധനങ്ങൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്‌ കുട്ടുകളും രക്ഷിതാക്കളും. കഴിഞ്ഞ വർഷം കൊറോണ പ്രതിസന്ധിക്കിടയിൽ ഒരാഴ്‌ച മാത്രമാണ്‌ കച്ചവടം നടന്നത്‌. എന്നാൽ ഇത്തവണ കച്ചവടം കൊഴുക്കുകയാണ്‌.    വിലകൂടിയ സാധനങ്ങൾ തന്നെ വാങ്ങുന്നവരാണ്‌ ഏറെയുമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. ജില്ലയിലെ 13 കൺസ്യൂമർഫെഡ്‌ സ്റ്റോറുകളിലും സ്‌കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്‌. 20– 40 ശതമാനം വരെ വിലക്കിഴിവിലാണ്‌ കച്ചവടം. പൊതുവിപണിയെ ഇത്‌ സാരമായി ബാധിച്ചിട്ടുണ്ട്‌. എന്റെ കേരളം പ്രദർശന വിപണന മേളയും കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു. മറ്റ്‌ സഹകരണ മാർക്കറ്റുകളിലും പൊതു മാർക്കറ്റിലും വൻവിലക്കുറവിലാണ്‌ കച്ചവടം.    ബാർബിയും മിക്കിയും ഡോറയും സ്‌പൈഡർമാനും അവഞ്ചേഴ്‌സും തന്നെയാണ്‌ ബാഗുകളിലെ താരം. കൊച്ചുകുട്ടികൾക്കായി വർണാഭമായ മറ്റ്‌ ബാഗുകളുമുണ്ട്‌ കളത്തിൽ. 250 രൂപ മുതലുള്ള ബാഗുകൾ വിപണിയിൽ ലഭ്യം. 1500ന്‌ മുകളിൽ വിലയുള്ള ബ്രാൻഡഡ്‌ ബാഗുകൾക്കും ആവശ്യക്കരേറെ. സീസൺ മുന്നിൽ കണ്ട്‌ സ്വന്തമായി ബാഗ്‌ നിർമിക്കുന്ന വ്യാപാരികളുമുണ്ട്‌. 300 രൂപ മുതലാണ്‌ ഇവയുടെ  വിൽപന.   കുട്ടികളെ മയക്കാൻ കുടകളിലും വ്യത്യസ്‌തത ധാരാളം. കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കം ഇടംപിടിച്ച വ്യത്യസ്‌ത നിറങ്ങളിലുള്ള കുടകൾ ധാരാളം. 200 രൂപ മുതലാണ്‌ വില.  . സ്‌റ്റീൽ കുപ്പികളോടും പാത്രങ്ങളോടുമാണ്‌ ഇക്കുറി കമ്പം കൂടുതൽ. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകളാണ് ഇത്തവണ ശ്രദ്ധേയം. 100 മുതലാണ് ഇവയുടെ വില.    ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. വലിയ ബുക്കുകൾക്ക്‌ 75 മുതൽ 115 വരെയാണ്‌ വിപണി വില. 15 രൂപ മുതൽ 45 വരെയുള്ള ചെറിയ ബുക്കുകളും വിപണിയിലുണ്ട്‌.  വ്യാപാരികൾ മുൻകൂട്ടി സാധനങ്ങൾ എത്തിച്ചിരുന്നു. കച്ചവടം പൊടിക്കുന്നതിന്റെ സന്തോഷമാണ്‌ എല്ലാവരുടെയും മുഖത്ത്‌. Read on deshabhimani.com

Related News