ദളിത് യുവതിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട മാളയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കാമുകനെ അറസ്റ്റ് ചെയ്തു. ചെങ്ങമനാട് അടുവാശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ(34) യാണ് റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടി കെ ഷൈജു അറസ്റ്റു ചെയ്തത്. എസ്‌സി എസ്ടി നിയമം, ആത്മഹത്യ പ്രേരണാ കുറ്റം എന്നിവ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളം പ്രണയത്തിലായിരുന്നു ഷിതിൻ. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പലവട്ടം ശാരീക പീഡനത്തിന് ഇരയാക്കിയിരുന്നു. പിന്നീട് പ്രണയ ബന്ധത്തിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച ഇയാൾ വേറെ വിവാഹം കഴിക്കാനും ശ്രമിച്ചു. പെൺകുട്ടിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ദളിത് വിഭാഗക്കാരിയാണെന്നതുമായിരുന്നു കാരണമായി പറഞ്ഞത്. ഉയർന്ന ജോലിയുണ്ടായിരുന്ന പെൺകുട്ടി ഇയാളുടെ നിരന്തരമുള്ള ശാരീരിക മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പിൽ ഇതെക്കുറിച്ച് സൂചനകളുണ്ട്. വെള്ളിയാഴ്ച നെടുമ്പാശേരിയിൽ നിന്നാണ് ഷിതിനെ അന്വേഷക സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എഎസ്ഐ എം സുമൽ, സീനിയർ സിപിഒമാരായ ഇ എസ് ജീവൻ , ജിബിൻ ജോസഫ്, സിപിഒ കെ എസ് ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. Read on deshabhimani.com