ഇവിടെ കളിയിലാണ് കാര്യം
കൽപ്പറ്റ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ലോകമൊട്ടാകെ ഉയരുമ്പോൾ ലാലു ഇബ്രാഹിം എന്ന ഇരുപത്തിരണ്ടുകാരൻ ചെറുപ്രായത്തിൽ സംരംഭകനായതിന്റെ ആവേശത്തിലാണ്. അതും താനടക്കമുള്ള യുവതലമുറയെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന കായികരംഗത്തുതന്നെ. കേരളമൊട്ടാകെ അർജന്റീനയുടെയും ബ്രസീലിന്റെയും ഇഷ്ടതാരങ്ങളുടെയും ജേഴ്‌സി അണിഞ്ഞ് യുവത ഇറങ്ങുമ്പോൾ ഈ സംരംഭകന് ഏറെ അഭിമാനിക്കാം. കൽപ്പറ്റ നഗരമധ്യത്തിൽ ഈ യുവാവിന്റെ പെന്റാസ് സ്‌പോർട്‌സ് എന്ന സ്ഥാപനത്തിൽനിന്നാണ് ജില്ലയ്‌ക്കകത്തും പുറത്തും ഫുട്‌ബോൾ ആരാധകൾക്ക് ജേഴ്‌സി എത്തുന്നത്. പത്തുമാസംമുമ്പാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി പിഎംജിപി പദ്ധതിയിൽ 10 ലക്ഷം രൂപ വായ്‌പയോടെ സ്‌പോർട്‌സ് ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയത്. വായ്‌പയടക്കം 18 ലക്ഷം രൂപ ചെലവിട്ടാണ് യൂണിറ്റ് തുടങ്ങിയത്. ജേഴ്‌സി, ടി ഷർട്ട്, ഷോർട്‌സ്, കിറ്റ് ബാഗ്, ട്രാക്ക് സ്യൂട്ട് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്. പത്തുപേർക്ക് തൊഴിൽ നൽകുന്നതാണ് ഈ സംരംഭം. വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നതിനാൽ കഴിഞ്ഞയാഴ്‌ച വ്യവസായ വകുപ്പിന്റെ രണ്ടര ലക്ഷം രൂപ സബ്‌സിഡിയും ലഭിച്ചു. ടൂറിസത്തിൽ ബിരുദധാരിയാണ് ലാലു. ദിവസം 150–-200 ജേഴ്‌സി ഇവിടെ തയ്യാറാക്കുന്നതായി കൽപ്പറ്റ നഗരവാസിയായ ലാലു ഇബ്രാഹിം പറഞ്ഞു. ഖത്തർ ലോകകപ്പ് പ്രമാണിച്ച് തിരക്ക് കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലേക്കും ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്. ബംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും യൂണിറ്റ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ സംരംഭകൻ. Read on deshabhimani.com