അപകടത്തിൽ മരിച്ചവരുടെ വീട്‌ മന്ത്രിമാർ സന്ദർശിച്ചു



കോന്നി മുറിഞ്ഞകൽ അപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശിച്ചു. ഞായർ പുലർച്ചെ മുറിഞ്ഞകൽ ഗുരുമന്ദിരത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ ഈപ്പൻ മത്തായി, മല്ലശേരി വട്ടക്കുളഞ്ഞി പുത്തൻ വിളകിഴക്കേതിൽ ബിജു പി ജോർജ്, മകൾ അനു ബിജു എന്നിവരുടെ വീടാണ് ചൊവ്വാഴ്ച മന്ത്രിമാരായ വീണാ ജോർജും പി രാജീവും സന്ദർശിച്ചത്. രാവിലെയാണ് വീണാ ജോർജ് ഇരുവീടുകളും സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്‌. വൈകിട്ട്‌ മന്ത്രി പി രാജീവ് വീട്‌ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.  വ്യാഴാഴ്ച പകൽ 12.30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കപള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. രാവിലെ എട്ടുമുതൽ 12 വരെ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12.30ന് സംസ്കാരം നടക്കും. Read on deshabhimani.com

Related News