സുന്ദരകില്ലാഡികൾ
കടയ്ക്കൽ കുറച്ചു വർഷം മുമ്പുള്ള കഥയാണ്; കടയ്‌ക്കൽ പഞ്ചായത്തിലെ ആറ്റുപുറത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കടയ്‌ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ കുട്ടികൾ കിണർ കുഴിക്കാനിറങ്ങിയപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. അതും വിഎച്ച്‌എസ്‌ഇ പഠിക്കുന്നവർ. അവർ കുത്തിയ കിണറ്റിൽ വെള്ളം കണ്ടു. ഒരുനാടിന്റെ ദാഹമകറ്റി. ഇപ്പോഴിതാ അത് ഉൾപ്പെടെയുള്ള കുട്ടികളുടെ പ്രവർത്തനത്തിന് അങ്ങ് ന്യൂഡൽഹിയിൽനിന്ന് ദേശീയ അംഗീകാരം ലഭിക്കുന്നു. പഞ്ചായത്തിനെ ഫിലമെന്റ് രഹിതമാക്കാൻ 7000 കുടുംബങ്ങൾക്ക് സ്വന്തമായി നിർമിച്ച എൽഇഡി ബൾബുകൾ വിതരണംചെയ്‌തും ഇവർ ചരിത്രമെഴുതി. കേന്ദ്ര യുവജന –-കായികമന്ത്രാലയത്തിന്റെ മികച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരമാണ് സ്കൂളിലെത്തുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റും പ്രോഗ്രാം ഓഫീസർ എസ് അൻസിയയുമാണ് പുരസ്‌കാരം എത്തിച്ചത്. 2017 മുതലുള്ള വിദ്യാർഥി, വിദ്യാലയ ക്ഷേമപ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. എൻഎസ്എസ് ദത്ത് ഗ്രാമത്തിൽ തുടർച്ചയായി മൂന്നുവർഷം അമ്മമാർക്കുള്ള അടുക്കളത്തോട്ട നിർമാണം, കുടിവെള്ള നിലവാര പരിശോധന, ആരോഗ്യ ജാഗ്രതാ ക്യാമ്പുകൾ, നൈപുണ്യവികസന പദ്ധതികൾ തുടങ്ങിയവ നേട്ടത്തിനു കാരണമായി. ശ്രേഷ്ഠബാല്യം പദ്ധതി, സ്വഛ് ഭാരത് ക്യാമ്പയിൻ, പ്രളയകാലത്തെ പ്രവർത്തനങ്ങൾ എന്നിവ ഇവരെ വ്യത്യസ്തരാക്കി. കുളത്തൂപ്പുഴ അൻസിയ മൻസിലിൽ സലാഹുദീന്റെയും ഉമൈബയുടെയും മകളാണ് അൻസിയ. ഭർത്താവ് നിസാമുദീൻ. 2018 മണാലിയിൽ നടന്ന ദേശീയ സാഹസിക ക്യാമ്പിലേക്ക് കേരള വളന്റിയർ ടീമിനെ നയിച്ചത് അൻസിയയാണ്. എൻഎസ്എസ് സംസ്ഥാന കോ –-ഓർഡിനേറ്റർ രഞ്ജിത്തിന്റെ പ്രോത്സാഹനവുമാണ് പുരസ്കാരത്തിന് സ്കൂളിനെ അർഹമാക്കിയതെന്ന് അൻസിയ പറഞ്ഞു. എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് 24ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ അനിൽ റോയ് മാത്യൂവും അൻസിയയും പുരസ്കാരം ഏറ്റുവാങ്ങും. Read on deshabhimani.com