2025നെ വരവേൽക്കാം; ഒരുങ്ങി തലസ്ഥാനം

കനകക്കുന്നിൽ വസന്തോത്സവം കാണാനെത്തിയവരുടെ തിരക്ക് ഫോട്ടോ: നിലിയ വേണു​ഗോപാൽ


തിരുവനന്തപുരം > നവവർഷത്തിലേക്ക് മിഴിതുറ‌ക്കാനൊരുങ്ങി തലസ്ഥാനം. കനകക്കുന്നിലെ "വസന്തോത്സവത്തിലെ'ദീപക്കാഴ്ചകളാണ് പ്രധാന ആകർഷണം. കനകക്കുന്നിലെ വിസ്മയക്കാഴ്ചകൾ കണാൻ  ഇരുപതിനായിരത്തോളം പേരാണ് ദിവസേനയെത്തുന്നത്. കോവളത്തും ശംഖുംമുഖത്തും വർക്കലയും പൂവാറും  ഉൾപ്പെടെ തീരദേശ മേ‌ഖലകളിൽ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള പരിപാടികൾ ഇതിനകം ആരംഭിച്ചു. ചൊവ്വ രാത്രി ഏഴുമുതൽ 12വരെയാണ് പരിപാടികൾ സജീവമാകുന്നത്. ബീച്ചുകളിൽ  വിപുലമായ പരിപാടികളാണ് ​ഹോട്ടലുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തുന്നത്. ന​ഗരത്തിലെ വിവിധ ഹോട്ടലുകളിലെ ഡിജെ നൈറ്റും മറ്റ് കലാപരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും.    കോവളം വെള്ളാറിലെ  ക്രാഫ്റ്റ് വില്ലേജിൽ ഡിജെ, ഡാൻസ്, വെടിക്കെട്ട് എന്നിവയുണ്ടാകും. തലസ്ഥാനത്തെ  ക്ലബ്ബുകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലുലുമാളിൽ രാത്രി ഏഴോടെ ഡിജെ നൈറ്റ് ആരംഭിക്കും. ഹോട്ടലുകൾ പ്രത്യേക പാക്കേജ് ഒരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്.  600 രൂപ മുതൽ 25000 രൂപവരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്.   പടുകൂറ്റൻ ഗ്ലോബും മഞ്ഞ് വീടും    കനകക്കുന്നിലെ "വസന്തോത്സവത്തിലെ' പടുകൂറ്റൻ ഗ്ലോബിനു മുന്നിലും 2025ന്റെ മാതൃകയിലൊരുക്കിയ പ്രവേശന കവാടത്തിനു മുന്നിലും സെൽഫിയെടുക്കാനാണ് ഏറെത്തിരക്ക്. പ്രദർശനത്തിലൊരുക്കിയ മഞ്ഞുവീടും സ്നേക്ക് ടണലും ദിനോസറും യൂറോപ്യൻ തെരുവും മഞ്ഞുമനുഷ്യനുമൊക്കെ കുട്ടികളെ ആകർഷിക്കുന്നു. ഔഷധസസ്യ പ്രദർശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷൻ, ഭക്ഷ്യമേള, അമ്യൂസ്മെന്റ്‌ പാർക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികൾ എന്നിവയാണ് വസന്തോത്സവത്തിന്റെ മറ്റ് ആകർഷണങ്ങൾ. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.   വർക്കലയിൽ വിദേശ 
ടൂറിസ്റ്റുകളും   വർക്കല > ശിവഗിരി തീർഥാടന കാലവും പുതുവത്സരവും എന്നും വർക്കലയ്ക്ക് ആഘോഷമാണ്. അതിൽ പങ്കുചേരാൻ വിദേശ സഞ്ചാരികൾ ഉൾപ്പെടെ വർക്കലയിലെത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മുറികളെല്ലാം ഇതിനകം ബുക്കിങ് കഴിഞ്ഞു. പാപനാശം, ആലിയിറക്കം, ഏണിക്കൽ  ബീച്ചുകളിൽ തിരക്കേറുന്നതോടെ സുരക്ഷയ്ക്കായി 10 താൽക്കാലിക ലൈഫ് ഗാർഡുകളെ അധികമായി നിയോഗിച്ചു. ആഘോഷം അതിരുവിടുന്നത് ഒഴിവാക്കാനും സുരക്ഷയ്ക്കുമായി കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.   പൊലീസ് നിരീക്ഷണം 
കർശനമാക്കും   പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും  ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക്‌ നിർദേശം നൽകി. ഷോപ്പിങ്‌ കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്‌ സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ നിരീക്ഷണം കർശനമാക്കും. ഇതിനായി പ്രത്യേകസംഘം രൂപീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കും.    ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്‌, അഭ്യാസപ്രകടനങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിങ്ങുകൾ ശക്തമാക്കിയിട്ടുണ്ട്.  Read on deshabhimani.com

Related News