ചർച്ചയിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന് മാതൃഭൂമി വ്യാജവാർത്ത; മണിക്കൂറുകൾക്കകം മുക്കി
കൊച്ചി > ചാനൽ ചർച്ചയിൽ അശ്ലീല പദപ്രയോഗം നടത്തിയെന്ന വ്യാജവാർത്ത നൽകി മണിക്കൂറുകൾക്കകം പിൻവലിച്ച് മാതൃഭൂമി ന്യൂസ്. ഇന്നലെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പ്രതിനിധി ലാൽകുമാർ പറയാത്ത പദം ഉപയോഗിച്ചെന്ന് വരുത്തിതീർത്ത് ചർച്ചയിൽ പങ്കെടുത്തയാളെ തെറ്റുകാരനാക്കിയത് പ്രേക്ഷകർ കയ്യോടെ പൊക്കിയതോടെ ദുരാരോപണ കുറിപ്പ് ചാനൽ മുക്കുകയായിരുന്നു. എന്നാൽ വിഷയത്തിലെ സാങ്കേതികമായ തെറ്റ് ചൂണ്ടിക്കാട്ടി നിരവധിപേർ സമൂഹമാധ്യമങ്ങളിലടക്കം രംഗത്തുവന്നതോടെയാണ് നിൽക്കക്കള്ളിയില്ലാതെ മാതൃഭൂമി വാർത്ത മുക്കിയത്. സംഭവത്തിൽ ചർച്ചയിലെ പ്രതിനിധി ലാൽകുമാർ അവതാരക മാതു സജിയോട് വിയോജിച്ച് സ്‌റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തു. "വെറുപ്പിന്റെ കച്ചവടം വച്ചുപൊറുപ്പിക്കരുത്!' എന്ന തലക്കെട്ടോടെ നടത്തിയ ചർച്ചയിലാണ് പറയാത്ത വാക്കിന്റെ പേരിൽ ലാൽകുമാറിനെ അവതാരക അവഹേളിച്ചത്. ചർച്ചക്കിടെ ലാൽകുമാർ അവതാരക പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു എന്നു മലയാളത്തിൽ പറഞ്ഞ ശേഷം അത് "I agree to all the facts you are stating here' എന്ന് ആവർത്തിച്ചു. ഇതിലെ ഫാക്‌ട് എന്ന പദം മറ്റൊരു മോശം വാക്കായി വ്യാഖ്യാനിക്കുകയായിരുന്നു അവതാരക. ചർച്ച തീരുംമുമ്പേ എൻ ലാൽകുമാർ പ്രതിഷേധിച്ച് സ്‌റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോയി. . തൊട്ടുപിന്നാലെ ഇത് സംബന്ധിച്ച് കുറിപ്പ് സഹിതം ശബ്‌ദം മ്യൂട്ട് ചെയ്‌ത വീഡിയോയും മാതൃഭൂമി ഫെയ്‌സ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. "ചർച്ചക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ ഇടത് സഹയാത്രികനെ കടുത്ത ഭാഷയിൽ താക്കീത് ചെയ്‌ത് അവതാരക മാതു സജി. ചർച്ചയിൽനിന്നും ഇറങ്ങിപ്പോയി ലാൽകുമാർ' എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. വീഡിയോ ഈ ലിങ്കിൽ കാണാം: ഉടനെതന്നെ താൻ ഉപയോഗിച്ചത് മോശം വാക്കല്ല, "FACT" എന്നാണ് ചർച്ചയിൽ ഉപയോഗിച്ചതെന്ന് വ്യക്തമാക്കി ലാൽകുമാറും രംഗത്തെത്തി. നിരവധി പ്രേക്ഷകരും ഇത് മനസ്സിലാക്കി മാതൃഭൂമിയോട് തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മ്യൂട്ട് ചെയ്യാത്ത വീഡിയോ സഹിതം പുറത്തുവന്നതോടെയാണ് മാതൃഭൂമി പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തത്. ഇല്ലാത്ത പദം ഉപയോഗിച്ച് എന്ന് വരുത്തി തീർത്തു ലാൽകുമാറിനെ തെറ്റുകാരനാക്കിയ മാതൃഭൂമിയും അവതാരകയും പരസ്യമായി മാപ്പ് പറയണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ആവശ്യം. Read on deshabhimani.com