കുടുംബശ്രീ ചരിത്രം "രചന'യാകുന്നു



 പത്തനംതിട്ട > രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീ 25 വർഷത്തെ ചരിത്രമെഴുതാൻ തയ്യാറെടുക്കുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസുകൾ അവരുടെ വളർച്ചാ ഘട്ടങ്ങൾ രേഖപ്പെടുത്തി ചരിത്ര പുസ്തകമാക്കുകയാണ്‌ "രചന'യിലൂടെ. ആദ്യ കാലഘട്ടത്തിൽ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത് മുതലുള്ള വിവരങ്ങൾ ശേഖരിച്ച് നിലവിലുള്ള അവസ്ഥകൾ വരെ ഉൾക്കൊള്ളിച്ചുള്ള സമഗ്രരേഖയാണ് തയ്യാറാക്കാനൊരുങ്ങുന്നത്.  വ്യക്തി/കുടുംബ/സമൂഹ ജീവിതത്തിൽ കുടുംബശ്രീ ഉണ്ടാക്കിയ മാറ്റങ്ങളും ചരിത്രരേഖയിൽ ഉൾപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് രചന പൂർത്തീകരിക്കുന്നത്. ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ മുതലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്തംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺമാർ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി രചന കമ്മിറ്റിയും വിദഗ്‌ധരായ സ്ത്രീകളെ ഉൾപ്പെടുത്തി കൊണ്ടുള്ള അക്കാദമിക് കമ്മിറ്റിയുമാണ് ചരിത്ര രചനയുടെ ചുക്കാൻ പിടിക്കുന്നവർ. ഓരോ സിഡിഎസ് തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേർസൺമാർക്കുള്ള പരിശീലനം വൈഎംസിഎ ഹാളിൽ നടന്നു. ഡിസംബർ മാസത്തിനുള്ളിൽ ഓരോ സിഡിഎസിന്റെയും ചരിത്രം പുസ്‌തകരൂപത്തിൽ പ്രകാശനം ചെയ്യും. Read on deshabhimani.com

Related News