ചരിത്രതീരത്തൊരുങ്ങുന്നു,
കോടിയേരിക്ക്‌ നിത്യസ്‌മാരകം

പയ്യാമ്പലത്തെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മൃതിമണ്ഡപത്തിന്റെ 
മിനുക്കുപണിയിൽ ശിൽപ്പി ഉണ്ണി കാനായി


കണ്ണൂർ സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾക്ക്‌  നിത്യസ്‌മാരകമൊരുങ്ങുന്നു. ചരിത്രത്തിന്റെ തിരയേറ്റം നിലയ്‌ക്കാത്ത പയ്യാമ്പലത്താണ്‌  സ്‌മൃതിമണ്ഡപമൊരുങ്ങുന്നത്‌. ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന്‌ സ്‌മൃതിമണ്ഡപം അനാച്ഛാദനംചെയ്യും.   പ്രിയനേതാവിന്റെ ഓർമകൾ തിരയടിക്കുകയാണ്‌ പയ്യാമ്പലത്ത്‌. വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും സംസ്കാരം നടന്ന ഈ കടൽത്തീരത്ത്‌  എത്തുന്നവരേറെയാണ്‌.  കോടിയേരി എത്രമേൽ പ്രിയങ്കരനായിരുന്നുവെന്ന്‌  ഇവിടെയെത്തുന്നവർ   ഓർത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്ന സ്‌തൂപം ശിൽപ്പി ഉണ്ണി കാനായിയാണ്‌ ഒരുക്കുന്നത്‌. കണ്ണൂരും പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്‌തൂപത്തിന്റെ  മിനുക്കുപണി മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌.    ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതിമണ്ഡപങ്ങൾക്കിടയിലാണ്‌ കോടിയേരിയുടെ സ്മാരകം. പാറിപ്പറക്കുന്ന ചെമ്പതാകയുടെ പശ്ചാത്തലത്തിൽ വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും ഉൾപ്പെടുന്നതാണ്‌ സ്‌തൂപം. 11 അടി ഉയരമുള്ള സ്‌തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ്‌ ഒരുക്കിയത്‌. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണ്‌ കോടിയേരിയുടെ മുഖം. ചരിത്രത്തെ ഓർമിപ്പിക്കുന്നതിന്‌ സ്‌തൂപത്തിൽ അവിടവിടെയായി കണ്ണൂർ കോട്ടയുടെ ഭാഗങ്ങളുണ്ട്‌. സെറാമിക്‌ ടൈലുകൾ ഉപയോഗിച്ചാണ്‌ സ്‌തൂപത്തിന്‌ നിറം നൽകിയത്‌.  ടൈലുകൾ ചെറുകഷണങ്ങളാക്കി  പതാകയ്‌ക്കും നക്ഷത്രങ്ങൾക്കും നിറം നൽകി. ഉപ്പുകാറ്റും വെയിലുമേറ്റ്‌ നിറംമങ്ങുകയോ കേടാവുകയോ ചെയ്യില്ലെന്നതാണ്‌ ഇത്‌ ഉപയോഗിക്കാൻ കാരണം.     ഒന്നര മാസമെടുത്താണ്‌ സ്‌തൂപം തയ്യാറാക്കിയത്‌. ഉണ്ണി കാനായിക്കൊപ്പം സുരേഷ്‌ അമ്മാനപ്പാറ, വിനേഷ്‌ കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ്‌ പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും സഹായത്തിനുണ്ടായി. കോടിയേരിക്ക്‌ സ്‌തൂപം ഒരുക്കിയില്ലെന്ന രീതിയിൽ കോൺഗ്രസുകാരും ബിജെപിക്കാരും സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയിരുന്നു. Read on deshabhimani.com

Related News