ചൂരൽമലയുടെ കിനാവുകൾക്കൊപ്പം കലോത്സവത്തിന് അരങ്ങുണരും
കൽപ്പറ്റ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണ തിരശ്ശീല ഉയരുക ചൂരൽമലയിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപ്പത്തോടെ. ദുരന്തബാധിതരുടെ അതിജീവന കിനാവുകൾ കൗമാര കലോത്സവത്തിന്റെ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ. ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈ താഴ്‌വാരത്തെ സ്‌കൂളും നഷ്‌ടമായ ഉറ്റവരും അതിജീവനപാതയുമെല്ലാം വിഷയമാക്കിയാണ് നൃത്തശിൽപ്പം ഒരുങ്ങുന്നത്. ജനുവരി നാലിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങുകൾക്കൊപ്പം നൃത്തശിൽപ്പം അരങ്ങേറും. കലോത്സവ സ്വാഗതഗാനത്തിനും കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരത്തിനും പുറമെയാണ് അതിജീവന സന്ദേശം ഉയർത്തിയുള്ള വെള്ളാർമലയുടെ നൃത്തശിൽപ്പം വേദിയിലെത്തുക. ‘വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ, പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ’ എന്ന വരികളിൽ സ്‌കൂളിന്റെ ഇന്നലെകളെ പറഞ്ഞുതുടങ്ങിയാണ് നൃത്തശിൽപ്പത്തിനുള്ള ഗാനം ചിട്ടപ്പെടുത്തിയത്. ഉരുളൊഴുക്കും രക്ഷാപ്രവർത്തനവും പുതിയ പ്രതീക്ഷകളുമെല്ലാം പങ്കുവച്ച് വരികൾ പുരോഗമിക്കും. ഉരുളിൽ നഷ്‌ടമായ 33 സഹപാഠികളുടെയും ബന്ധുക്കളും നാട്ടുകാരുമായ മുന്നൂറോളം പേരുടെയും ഓർമകൾ നെഞ്ചേറ്റി ഹൈസ്‌കൂൾ വിദ്യാർഥികളായ ഏഴുപേരാണ് വേദിയിലെത്തുക. ജില്ലാ കലോത്സവത്തിൽ സ്‌കൂളിനായി സംഘനൃത്തം അവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്തശിൽപ്പവുമായി എത്തുക. നൃത്തസംവിധായകനായ അനിൽ വെട്ടിക്കാട്ടിരിയാണ് പരിശീലനം നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞെത്തുന്ന നാടകവും സ്‌കൂളിൽനിന്ന് കലോത്സവത്തിലെത്തും. Read on deshabhimani.com