പഠനം മുടങ്ങില്ല; കൈത്താങ്ങായി കേരളം: മണിപ്പുർ വിദ്യാർഥികളുടെ ആദ്യ ബാച്ച് കണ്ണൂരിലെത്തി

കണ്ണൂർ സർവകലാശാലയിൽ എത്തിയ മണിപ്പുർ വിദ്യാർത്ഥികളെ എസ്എസ്ഐ പ്രവർത്തകർ സ്വീകരിക്കുന്നു


കണ്ണൂർ> മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ ആദ്യബാച്ച്  ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘം കണ്ണൂരിലെത്തിയത്. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല അധികൃതർ സ്വീകരണം നൽകി. ക്യാമ്പസിലെത്തിയ വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. മണിപ്പുർ വിദ്യാർഥികൾക്കായി  പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ആ​ഗസ്‌തിൽ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമായത്. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല  മണിപ്പുർ വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കുന്നത്‌. സർവകലാശാലയിലെത്തുന്ന  വിദ്യാർഥികൾക്ക്  താമസസൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.   Read on deshabhimani.com

Related News