നഷ്ടമായത്‌ സ്വന്തം 
അനുജനെ , എന്റെ സഖാവിന്‌ ഏറെ പ്രിയപ്പെട്ട ആളായിരുന്നു : ശാരദടീച്ചർ



കണ്ണൂർ ‘‘ചിരിച്ച മുഖത്തോടെയല്ലാതെ ഞാൻ കോടിയേരിയെ കണ്ടിട്ടില്ല. അതുതന്നെയാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണമായി തോന്നിയത്‌. എല്ലാവരോടും ഒരുപോലെ പെരുമാറാനും അവർ പറയുന്നത്‌ കേൾക്കാനും മനസ്‌ കാണിച്ച നേതാവാണദ്ദേഹം.’’–- ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ ഓർമകളിൽ അത്രയേറെ പ്രസന്നതയുള്ള വ്യക്തിയും നേതാവുമാണ്‌ കോടിയേരി ബാലകൃഷ്‌ണൻ. എന്റെ സഖാവിന്‌ ഏറെ പ്രിയപ്പെട്ട ആളായിരുന്നു കോടിയേരി. ഞാൻ ആദ്യമായി കാണുമ്പോൾ ഇവരൊക്കെ ചെറുപ്പക്കാരാണ്‌. ചുറുചുറുക്കും മിടുക്കുമുള്ള യുവാക്കൾ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരായി വരുന്നത്‌ പാർടിക്ക്‌ ഏറെ ഗുണകരമാവുമെന്ന്‌ എന്റെ സഖാവ്‌ എപ്പോഴും പറയും. ഒരു അനുജനോടുള്ള വാത്സല്യമായിരുന്നു  കോടിയേരിയോട്‌. സദാ ഊർജസ്വലനായ ചെറുപ്പക്കാരന്റെ കഴിവിൽ അദ്ദേഹത്തിന്‌ അത്രയും ആത്മവിശ്വാസമായിരുന്നു. സംഘടനാപ്രവർത്തനത്തിന്റെ പലഘട്ടങ്ങളിലും സഖാവാണ്‌ കോടിയേരിക്ക്‌ വഴികാട്ടിയായത്‌. പ്രക്ഷുബ്ധ രാഷ്‌ട്രീയ സാഹചര്യങ്ങളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാനാവുന്ന നിലയിലേക്ക്‌ കോടിയേരി വളർന്നുവരുമെന്ന്‌ സഖാവ്‌ വിലയിരുത്തിയിരുന്നു. എനിക്ക്‌ സ്വന്തം അനുജനോടുള്ള ബന്ധമായിരുന്നു കോടിയേരിയോട്‌. എന്തും എപ്പോഴും പറയാവുന്ന ബന്ധം. കണ്ണൂരിൽ വന്നാൽ സമയമുണ്ടെങ്കിൽ ‘ശാരദാസി’ൽ എത്തും. വിശേഷങ്ങൾ ചോദിക്കും. നേരിട്ട്‌ വരാൻ കഴിയാത്തപ്പോൾ ഫോണിൽ വിളിക്കും. അവസാനമായി കണ്ടത്‌ കഴിഞ്ഞ ഏപ്രിലിൽ പാർടി കോൺഗ്രസിനോടനുബന്ധിച്ച്‌  ഇ കെ നായനാർ മ്യൂസിയം ഉദ്‌ഘാടനത്തിനാണ്‌. രോഗം ഗുരുതരമായഘട്ടങ്ങളിലെല്ലാം ഫോണിൽ സംസാരിച്ചിട്ടുണ്ട്‌. ചെന്നൈയിലേക്ക്‌ പോകുന്ന ദിവസം രാവിലെയാണ്‌ അവസാനം സംസാരിച്ചത്‌. എല്ലാം ശരിയായി തിരിച്ചു വരാനാകുമെന്ന്‌ ഞാൻ പറഞ്ഞു. അങ്ങനെ ആവുമെന്ന്‌ കോടിയേരിയും. വിശ്വസിക്കാൻ പ്രയാസമാണ്‌ ഈ വേർപാട്‌. അത്രയും സ്‌നേഹമുള്ള മനുഷ്യനായിരുന്നു’’–-  ശാരദടീച്ചർ പറഞ്ഞു. Read on deshabhimani.com

Related News