ഇന്ത്യ തിളങ്ങുന്നുവെന്നത്‌ 
പൊള്ളത്തരം , 30 ശതമാനം ജനങ്ങളും അതിദാരിദ്ര്യത്തിലാണ്‌ കഴിയുന്നത് : കെ കെ ശൈലജ



തിരുവല്ല ഇന്ത്യ തിളങ്ങുന്നെന്ന് കേന്ദ്രഭരണത്തിലുള്ളവർ അവകാശപ്പെടുന്നത് വെറും പൊള്ളത്തരമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. സ്വാതന്ത്ര്യം കിട്ടി 76 വർഷത്തിനുശേഷവും രാജ്യത്തെ 30 ശതമാനം ജനങ്ങളും അതിദാരിദ്ര്യത്തിലാണ്‌ കഴിയുന്നത്. മുഴുവൻ ജനങ്ങൾക്കും അവസരസമത്വം ഇന്നും ലഭ്യമായിട്ടില്ല. തിരുവല്ലയിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ. രാജ്യത്തെ സാധാരണ ജനങ്ങളുടെ ദാരിദ്ര്യാവസ്ഥ ഇല്ലാതാക്കുന്ന പദ്ധതിയാണ് തൊഴിലുറപ്പ് മേഖല. കേന്ദ്രത്തിൽ ഇടതുപക്ഷ പാർടികളുടെ സ്വാധീന ഫലമായാണ് പദ്ധതി നടപ്പായതുതന്നെ. ഈ പദ്ധതി തകർക്കാനാണ് ബിജെപി നേതൃത്വത്തിൽ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വർഷംതോറും പദ്ധതിവിഹിതം കുറച്ച്‌ ഇതിനെ ഇല്ലാതാക്കാൻ നോക്കുന്നു. ജനങ്ങൾ അനുഭവിക്കുന്ന വിവിധ അവകാശങ്ങൾ ഇല്ലാതാക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുന്നു. അന്ധവിശ്വാസവും ചാതുർവർണ്യ ജാതിവ്യവസ്ഥയും വീണ്ടും തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. ജാതിവ്യവസ്ഥയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഈ വലതുപക്ഷ വ്യതിയാനത്തിനെതിരെ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും കെ കെ ശൈലജ പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ അധ്യക്ഷയായി. Read on deshabhimani.com

Related News