പൊതുമേഖലാ വിരുദ്ധ കേന്ദ്ര നയങ്ങളെ പരാജയപ്പെടുത്തുക; ബദല്‍ നയങ്ങള്‍ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തുക: തോമസ് ഐസക്ക്



വെല്ലൂര്‍> ദേശവിരുദ്ധവും ജനവിരുദ്ധവും പൊതുമേഖലാ വിരുദ്ധവുമായ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ പരാജയപ്പെടുത്തി ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പോരാട്ടത്തിന് കരുത്തുപകരാന്‍ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.വെല്ലൂരില്‍ നടക്കുന്ന സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്റെ സമ്മേളനത്തില്‍ 'പൊതുമേഖലയും ഇന്ത്യന്‍ സമ്പദ്ഘടനയും'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ നവരത്‌ന പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിറ്റഴിക്കല്‍ക്കൊള്ളയില്‍ നിന്ന് എല്‍ഐസിയെ രക്ഷിക്കാന്‍ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഒരു പങ്കും വഹിക്കാതിരിക്കുകയും എക്കാലത്തും പൊതുമേഖലാ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തവര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നിരന്തരമായ പോരാട്ടത്തിലൂടെ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അമാനുള്ളാഖാന്‍ (മുന്‍ പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ), എം. ഗിരിജ (ജോയിന്റ് സെക്രട്ടറി, എ.ഐ.ഐ.ഇ.എ), ടി.വി.എന്‍.എസ്. രവീന്ദ്രനാഥന്‍ (ജനറല്‍ സെക്രട്ടറി, എസ്.സി.സെഡ്.ഐ.ഇ. എഫ്), എം.കുഞ്ഞികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി,  എ.ഐ.ഐ.പി.എ) എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും എം.കെ. പ്രേംജിത്ത് (കണ്ണൂര്‍), പ്രീതി (എറണാകുളം), അനീഷ്  തോമസ് (കോട്ടയം), പാര്‍വതി പ്രഭ (തിരുവനന്തപുരം), യു. പ്രദീപന്‍ (കോഴിക്കോട്), കെ. ബാഹുലേയന്‍ (കണ്ണൂര്‍), പ്രദിപ് ശങ്കര്‍ (പാലക്കാട്), ആന്‍ഡ്രൂസ് (തിരുവനന്തപുരം), ടി.ജെ. മാര്‍ട്ടിന്‍ (എറണാകുളം), ബിന്ദു (കോട്ടയം), എം.ജെ.ശ്രീരാം (കോഴിക്കോട്), കെ.ആര്‍.സുനില്‍ കുമാര്‍ (എറണാകുളം) എന്നിവര്‍ സംസാരിച്ചു. സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറഷന്‍ പ്രസിഡന്റ് പി.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സമ്മേളനം നാളെ സമാപിക്കും   Read on deshabhimani.com

Related News