അർബൻ ബാങ്ക് കോഴ: പരാതിക്കാരെ വരുതിയിലാക്കാൻ കോൺഗ്രസ് നേതൃത്വം
ഗുരുവായൂർ > ഗുരുവായൂർ അർബൻ ബാങ്കിലെ കോഴനിയമനം, കോൺഗ്രസ് നേതാക്കളടക്കമുള്ള ഭരണസമിതിയംഗങ്ങളുടെ അറസ്റ്റിനുള്ള നീക്കമാരംഭിച്ചതോടെ പരാതിക്കാരേയും എതിർപ്പുള്ളവരേയും വരുതിയിലാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമമാരംഭിച്ചു. നിയമനകോഴ വിവാദമാക്കുന്നതിന് നേതൃത്വം നൽകിയ പ്രബല വിഭാഗത്തിന് സ്ഥാനമാനങ്ങൾ നൽകിയാണ് നിശ്ശബ്ദരാക്കുന്നത്. ഇപ്പോൾ നേതൃത്വവുമായി പിണങ്ങി നൽക്കുന്ന ജലീൽ പൂക്കോടിനെ അർബൻ ബാങ്ക് ഡയറക്ടറാക്കിയാണ് നിശ്ശബ്ദനാക്കിയത്. ഇയാളുടെ അർധസഹോദരനും അനുയായിയുമായ ബഷീർ പൂക്കോടായിരുന്നു അർബൻ ബാങ്ക് നിയമനകോഴയിൽ പരസ്യപോരാട്ടത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസ് നേതൃത്വവുമായി വർഷങ്ങളായി ഇടഞ്ഞുനിന്ന ജലീൽ പൂക്കോടും ബഷീർപൂക്കോടും ഇപ്പോൾ നേതൃത്വവുമായി രമ്യതയിലായി. ഇവരെ വരുതിയിലാക്കിയെങ്കിലും മറ്റ് ചിലർകൂടി എതിർപ്പുമായി രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കി. പണവും സ്ഥാനവും ഓഫർ ചെയ്ത് ചിലരെക്കൂടി വരുതിയിലാക്കിയാൽ വൻ സാമ്പത്തികവെട്ടിപ്പും അഴിമതിയും മൂടിവയ്‌ക്കാമെന്ന് നേതൃത്വം കരുതേണ്ടെന്നാണ് പുതിയ പ്രതിഷേധക്കാർ പറയുന്നത്. ബാങ്ക് നിയമനത്തിന്റെ മറവിൽ 11 ഒഴിവുകളിലേക്കായി 3.3കോടി രൂപ കോഴവാങ്ങിയവർ ജനങ്ങളേയും കോൺഗ്രസിനേയും വഞ്ചിക്കുകയായിരുന്നുവെന്ന നിലപാടാണ് പ്രതിഷേധക്കാർക്കുള്ളത്. ബാങ്ക് ചെയർമാൻ വി വേണുഗോപാൽ, വൈസ് ചെയർമാൻ ആന്റോ തോമസ് ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവും ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ പി ഉദയൻ, യു ഡി എഫ് നേതാവ് പി സത്താർ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഗുരുവായൂരിൽ വളരെ സജീവമായ ഈ സംഘം പക്ഷേ, ഏതാനും ആഴ്ചകളായി പൊതുപരിപാടികളിൽ സജീവമല്ല. നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൾ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നത്. ഇതിനിടെയാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടന്നത്. Read on deshabhimani.com