ഗോവയിൽ യുവാവിന്റെ കൊലപാതകം: ഡിഎൻഎ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് അന്വേഷകസംഘം
കൊച്ചി തേവര പെരുമാനൂരിൽനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ ജെഫ് ജോൺ ലൂയിസിനെ ഗോവയിൽ കൊന്നത് പട്ടാപ്പകലാണെന്ന് കണ്ടെത്തി. ഉച്ചകഴിഞ്ഞാണ് ജെഫിനെ അൻജുന വാഗത്തൂരിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തുവച്ച് മൂന്നുപേർ ചേർന്ന് ക്രൂരമായി കൊന്നത്. 2021 നവംബർ പകുതിയോടെയായിരുന്നു കൊലപാതകം. ഗോവയിൽ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കഴുത്തിൽ കുത്തിയും കൊല്ലുകയായിരുന്നുവെന്ന് അന്വേഷകസംഘം വ്യക്തമാക്കി. എറണാകുളം സൗത്ത് എസ്എച്ച്‌ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ഗോവയിലെ തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്‌ച മടങ്ങിയെത്തും. രണ്ടുവർഷംമുമ്പ് ഗോവ അൻജുന വാഗത്തൂരിലെ കടൽത്തീരത്തിനടുത്തുള്ള കുന്നിൻപ്രദേശത്തുനിന്ന് ലഭിച്ച അജ്ഞാതമൃതദേഹത്തിന്റെയും ജെഫിന്റെയും ഡിഎൻഎ സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ സംഘം അപേക്ഷ നൽകും. ഈ ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. കേസിൽ പ്രതികളായ രണ്ടു തമിഴ്‌നാട് സ്വദേശികളുടെ അറസ്‌റ്റും ഉടനുണ്ടാകും. ഒന്നാംപ്രതി അനിലും ജെഫും ബിസിനസ് നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ പേരിൽ വാങ്ങിയ പണം ജെഫ് തിരികെ നൽകാത്തതും ഒളിയിടം പൊലീസിന് ഒറ്റുകൊടുത്തതുമാണ് അനിലിനെയും കൂട്ടരെയും പ്രകോപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2021 നവംബറിലാണ് ജെഫിനെ പെരുമാനൂരിൽനിന്ന് കാണാതായത്. കോട്ടയം വെള്ളൂർ കല്ലുവേലിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി വി വിഷ്ണു (25) എന്നിവരുമായാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. രണ്ടാംപ്രതി സ്‌റ്റെഫിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനാൽ ഗോവയിലേക്ക് കൊണ്ടുപോയില്ല. ലഹരിക്കേസിൽ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധാനക്കേസിലെ ചുരുളഴിച്ചത്. ജെഫിന്റെ മൊബൈൽഫോൺ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. Read on deshabhimani.com