മതപഠന കേന്ദ്രത്തിൽ പെൺകുട്ടി തൂങ്ങിമരിച്ച കേസ്: പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തു
തിരുവനന്തപുരം> ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വഴിത്തിരിവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരുവർഷം മുമ്പ് പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ തെളിഞ്ഞു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടർന്ന് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ ബീമാപ്പള്ളി സ്വദേശിയായ യുവാവിനെ പൂന്തുറ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്‌ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബാലരാമപുരം പൊലീസ് ഇതുസംബന്ധിച്ച കേസ് പൂന്തുറ പൊലീസിന് കൈമാറി. മെയ് 13നാണ് പ്ലസ്‌വൺ വിദ്യാർഥിനിയെ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തന്നെ തിരികെ കൊണ്ടുപോകണമെന്ന് പെൺകുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അമ്മ എത്തിയപ്പോഴായിരുന്നു പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. Read on deshabhimani.com