കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ കാന്‍സര്‍ ബ്ലോക്കിന് കഴിയും: മുഖ്യമന്ത്രി പിണറായി വിജയൻ



എറണാകുളം > കൊച്ചിയുടെ ആരോഗ്യ മുന്നേറ്റത്തിന് കുതിപ്പേകാന്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ ബ്ലോക്കിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രധാനപ്പെട്ടതും പഴക്കമുള്ളതും മികച്ച ചികിത്സ സംവിധാനങ്ങളുമുള്ളതാണ് എറണാകുളം ജനറല്‍ ആശുപത്രി. ഇവിടെയാണ് ആദ്യമായി എന്‍എബിഎച്ച്, എന്‍ക്യൂഎഎസ് അക്രഡിറ്റേഷന്‍ ലഭിച്ചത്. പൊതുജനാരോഗ്യ കേന്ദ്രം എന്ന നിലയ്ക്ക് മികവിന്റെ കേന്ദ്രമായി നേരത്തെ തന്നെ എറണാകുളം ജനറല്‍ ആശുപത്രി മാറിക്കഴിഞ്ഞു. പല തരത്തില്‍ ഖ്യാതി നേരത്തെ തന്നെ നേടി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടുമിക്ക സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമായിട്ടുള്ള ആശുപത്രിയാണ് ഇത്. അതിന് പുറമെയാണ് ഫലപ്രദമായ കാന്‍സര്‍ ചികിത്സയ്ക്കായി പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. ഒരു ജനറല്‍ ആശുപത്രിയില്‍ 100 കാന്‍സര്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വാര്‍ഡുകള്‍, കാന്‍സര്‍ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാല്‍ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള  ന്യൂട്രോപ്പീനിയ ഐസിയു എന്നിങ്ങനെ എല്ലാ ആധുനിക സജ്ജീകരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീവസ് കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News