ശൗചാലയത്തില്‍ ഭക്ഷണം സൂക്ഷിച്ചു; ചിത്രം പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദനം
പയ്യന്നൂര്‍> ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഡോക്‌ടര്‍ക്ക് നേരേ അക്രമം. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ പത്തോടെ പിലാത്തറ കെഎസ്‌ടിപി റോഡിലുള്ള കെ സി റെസ്‌റ്റോറന്റിലാണ് സംഭവം.സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഡോ. സുബ്ബരായയും ആസ്‌പത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തുടര്‍ന്ന് ശൗചാലയത്തില്‍ പോയപ്പോഴാണ് ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി ഇവര്‍ കണ്ടത്. ബന്തടുക്ക പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത് Read on deshabhimani.com