അച്ഛനമ്മമാർ തമ്മിൽ തർക്കം; കുട്ടിക്ക് ഹൈക്കോടതി പേരിട്ടു
കൊച്ചി പേരിടുന്നതിനെച്ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കവും നിയമപോരാട്ടവും മുറുകുന്നതിനിടെ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. തർക്കം പരിഹരിക്കാൻ കാലതാമസമുണ്ടാകുമെന്നും അത് കുട്ടിയുടെ ക്ഷേമത്തിനും താൽപ്പര്യത്തിനും തടസ്സമാകുമെന്നും വിലയിരുത്തിയാണ് കോടതിയുടെ നടപടി. അച്ഛന്റെയും അമ്മയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി കുട്ടിക്ക് പേര് നിർദേശിച്ചത്. പേര് കുട്ടിയുടെ തിരിച്ചറിയൽ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് ഉണ്ടാകേണ്ടതാണെന്നും വിലയിരുത്തിയ കോടതി ‘പേരന്റ്‌സ് പാട്രിയ’ പ്രകാരം കുട്ടിക്ക് പേരിട്ടു. കുട്ടി ജനിച്ചത് 2020 ഫെബ്രുവരി 12നാണ്. അച്ഛനമ്മമാർ തമ്മിൽ സ്വരച്ചേർച്ചയിലല്ലാത്തതിനാൽ കുട്ടിയുടെ പേരിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. അതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല. സ്‌കൂൾപ്രവേശന സമയത്ത് പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ജനന സർട്ടിഫിക്കറ്റിനായി അമ്മ തദ്ദേശസ്ഥാപനത്തെ സമീപിച്ചു. അച്ഛന്റെ അനുമതിയില്ലാതെ പേര് രജിസ്‌റ്റർ ചെയ്യാനാകില്ലെന്ന് രജിസ്‌ട്രാർ അറിയിച്ചു. എന്നാൽ, അമ്മയിട്ട പേരിനുപകരം മറ്റൊരു പേര് മതിയെന്ന് അച്ഛൻ നിലപാട് എടുത്തതോടെ തർക്കം മുറുകി. താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അമ്മ കുടുംബകോടതിയെ സമീപിച്ചു. ജനന സർട്ടിഫിക്കറ്റിനായി ഇരുവരും തദ്ദേശസ്ഥാപന സെക്രട്ടറിയെ സമീപിക്കാനായിരുന്നു കുടുംബകോടതിയുടെ ഉത്തരവ്. ഇരുവരും ഇതിന് തയ്യാറായില്ല. തുടർന്ന് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ജനന–-മരണ രജിസ്ട്രേഷൻ നിയമമനുസരിച്ച് "രക്ഷിതാവ്' എന്നാൽ അച്ഛനോ അമ്മയോ മാത്രമാണെന്നും അപൂർവസന്ദർഭങ്ങളിൽമാത്രമാണ് ഇരുവരെയും ഒന്നിച്ച് ‘രക്ഷിതാക്കൾ’ എന്ന് പരാമർശിക്കുന്നതെന്നും കോടതി വിലയിരുത്തി. അതിനാൽ ഇവരിൽ ഒരാൾക്ക് കുട്ടിയുടെ പേര് രജിസ്‌റ്റർ ചെയ്യാം. ഒരാൾമാത്രമെത്തി രജിസ്‌റ്റർ ചെയ്‌ത പേര് തിരുത്തണമെങ്കിൽ മറ്റേയാൾക്ക് നിയമത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ കുട്ടി അമ്മയ്‌ക്കൊപ്പമായതിനാൽ അവർ നിർദേശിച്ച പേരിന് മുൻതൂക്കം നൽകാമെന്നും പിതൃത്വത്തിൽ തർക്കമില്ലാത്തതിനാൽ അച്ഛന്റെ പേരുകൂടി ചേർക്കാമെന്നുമുള്ള കോടതിയുടെ നിർദേശം ഇരുവരും അംഗീകരിച്ചു. ഹർജിക്കാരിക്ക് രജിസ്ട്രാറെ സമീപിക്കാമെന്നും രജിസ്‌റ്റർ ചെയ്യാൻ അച്ഛന്റെ അനുമതി വേണമെന്ന് നിർബന്ധിക്കാതെ കോടതി നിർദേശിച്ച പേര് രജിസ്‌റ്റർ ചെയ്ത് നൽകണമെന്നും കോടതി നിർദേശിച്ചു. Read on deshabhimani.com