‘വഴിയിലെ കൈക്കൂലി’യും 
പൊളിഞ്ഞു ; ഹരിദാസൻ മുങ്ങി



തിരുവനന്തപുരം ആയുഷ്‌ മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ റോഡിൽവച്ച്‌ കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ വാദവും പൊളിഞ്ഞു. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്‌തിരുന്നു. നേരത്തെ പൊലീസിന്‌ നൽകിയ മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സിസിടിവി പരിശോധനയിലാണ്‌ ഹരിദാസൻ തുടർച്ചയായി പറഞ്ഞ കള്ളങ്ങളെല്ലാം പൊളിഞ്ഞത്‌. സെക്രട്ടറിയറ്റിന്‌ സമീപം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഉടൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇത്‌ തിരുത്തി. അഖിൽ സജീവ്‌ പറഞ്ഞതനുസരിച്ച്‌ സെക്രട്ടറിയേറ്റിന്‌ സമീപത്തുനിന്ന്‌ പ്രസ്‌ ക്ലബ്ബ്‌ ഭാഗത്തേക്ക്‌ നടന്നെന്നും അഖിൽ മാത്യുവെന്ന്‌ പരിയചപ്പെടുത്തിയ വ്യക്തിക്ക്‌ പണം നൽകിയെന്നുമാണ്‌ ഹരിദാസൻ നൽകിയ മൊഴി. ഇതുപ്രകാരമാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ ഈ ഭാഗത്തെ സിസിടിവികൾ പരിശോധിച്ചത്‌.  പ്രസ്‌ക്ലബ് ഭാഗത്തേക്ക്‌ നടക്കുന്ന ഹരിദാസൻ പാതി വഴിയിൽ തിരികെ നടക്കുന്നതും കന്റോൺമെന്റ്‌ പൊലീസ്‌ സ്റ്റേഷന്‌ സമീപമെത്തി മടങ്ങുന്നതുമാണ്‌ ദൃശ്യങ്ങളിലുള്ളത്‌. ഈ വഴിയിലെവിടെയും ഹരിദാസൻ ആരെങ്കിലുമായി കൂടിക്കാഴ്‌ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല. അഖിൽ സജീവിനും ലെനിൻ രാജിനുമായി 75000 രൂപ നൽകിയതല്ലാതെ മറ്റ്‌ സാമ്പത്തിക ഇടപാടുകൾ  കേസുമായി ബന്ധപ്പെട്ട്‌ ഹരിദാസൻ നടത്തിയിട്ടില്ല എന്നാണ്‌ അന്വേഷണത്തിൽ വ്യക്തമായത്‌. മന്ത്രിയുടെ ഓഫീസിന്‌ പണം നൽകിയെന്ന്‌ ഹരിദാസൻ കള്ള മൊഴി നൽകിയത്‌ എന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്‌. ഈ ദിശയിലും പൊലീസ്‌ അന്വേഷണമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഇതിന്‌ പിന്നിലുണ്ടോ എന്നത്‌ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.ചൊവ്വാഴ്‌ച ഹരിദാസനുമായി പൊലീസ്‌ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. ഇയാൾ ഒളിവിലാണെന്നാണ്‌ പൊലീസ്‌ നിഗമനം. Read on deshabhimani.com

Related News