മൂത്രസഞ്ചിയില്‍നിന്ന് നീക്കം ചെയ്തത് 2.8 മീറ്റര്‍ ടങ്കീസ്

രോഗിയുടെ മൂത്രസഞ്ചിയിൽനിന്ന്‌ പുറത്തെടുത്ത 
ടങ്കീസുമായി ഡോക്‌ടർമാർ


കൊച്ചി> എറണാകുളം ജനറൽ ആശുപത്രി യൂറോളജി വിഭാഗത്തിൽ നടത്തിയ നൂതന ശസ്‌ത്രക്രിയ വിജയിച്ചു. മുപ്പതുകാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ടങ്കീസാണ്‌ താക്കോൽദ്വാര ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്‌. സിസ്റ്റോസ്കോപ്പിക് ഫോറിൻ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപ്പിക് കീ ഹോൾ സർജറി വഴിയാണ് ടങ്കീസ് പുറത്തെടുത്തത്. ഇതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ‘ഫോറിൻ ബോഡി റിമൂവൽ’ ചെയ്ത സ്ഥാപനം എന്ന റെക്കോഡ് എറണാകുളം ജനറൽ ആശുപത്രിക്ക് ലഭിച്ചു. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ അംശവും കണ്ടെത്തിയതിനെ തുടർന്നാണ് രോഗി ജനറൽ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ 2.8 മീറ്റർ നീളമുള്ള ടങ്കീസ് അദ്ദേഹത്തിന്റെ മൂത്രസഞ്ചിക്കകത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തി. രാത്രിയിൽ ലിംഗത്തിലേക്ക് ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടർന്ന് കൈയിൽ കിട്ടിയ ടങ്കീസ് കടത്തിവിടുകയായിരുന്നു എന്ന്‌ രോഗി വെളിപ്പെടുത്തിയതായി ഡോക്‌ടർ പറഞ്ഞു. ശസ്ത്രക്രിയയിൽ ഡോ. അനൂപ് കൃഷ്ണൻ, ഡോ. അഞ്ജു അനൂപ് എന്നിവർ നേതൃത്വം നൽകി. രോഗി സുഖംപ്രാപിച്ചുവരുന്നു. Read on deshabhimani.com

Related News