പ്രതികളെ ആർഎസ്‌എസ് നിശ്ചയിക്കുന്നു, ഇഡി ഏറ്റെടുക്കുന്നു
തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ മറവിൽ സിപിഐ എം നേതാക്കളെ പ്രതികളാക്കാനുള്ള സംഘപരിവാറിന്റെ തിരക്കഥ ഏറ്റെടുത്ത് ഇഡി. ആരൊക്കെ പ്രതികളാകണമെന്ന് ആർഎസ്‌എസ് നിശ്ചയിക്കുകയും അതനുസരിച്ച് നടപടി നീങ്ങുകയുമാണ്. കേസിൽ ഇതുവരെ സാക്ഷിയുടെ സ്ഥാനത്തുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ പ്രതിയാകുമെന്നാണ് വെള്ളിയാഴ്‌ച ബിജെപി മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചത്. ഇത് മറ്റു ചില പത്രങ്ങളും ഏറ്റുപിടിച്ചു. കള്ളവാർത്തയ്‌ക്കൊപ്പം എ സി മൊയ്‌തീന്റെയും മന്ത്രി കെ രാധാകൃഷ്‌ണന്റെയും ചിത്രം നൽകി സംശയത്തിന്റെ നിഴൽ വർധിപ്പിച്ചു. ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ക്രൂരമായി മർദിച്ച് സിപിഐ എം നേതാക്കൾക്കെതിരെ കള്ളമൊഴി എഴുതി വാങ്ങിച്ചതായി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാങ്ക് ക്രമക്കേടിന്റെ പേരിൽ എ സി മൊയ്‌തീനെ കരിനിഴലിൽ നിർത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥർ 22ന് വീട്ടിൽ റെയ്‌ഡ് നടത്തി. ബാങ്ക് അക്കൗണ്ടും ഭാര്യയുടെയും മകളുടെയും പേരിലുള്ള സ്വത്തുക്കളുടെ രേഖകളും പരിശോധിച്ചു. ഇഡി ഉദ്യോഗസ്ഥർ സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കി. കോപ്പി മൊയ്തീനും നൽകി. എ സി മൊയ്തീന്റെ ഭാര്യ വിരമിക്കുമ്പോൾ ലഭിച്ച പെൻഷൻ ആനുകൂല്യങ്ങളും എംഎൽഎ, മന്ത്രി എന്ന നിലയിൽ സർക്കാരിൽനിന്ന് ലഭിച്ച ഓണറേറിയവുമാണ് വരുമാനം. ഇതിന്റെ രേഖകളെല്ലാം മൊയ്‌തീൻ ഇഡിക്കു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളിൽ ഏർപ്പെടുത്തിയ നടപടി ഒഴിവാക്കാൻ കത്തും നൽകി. 28 ലക്ഷത്തിന്റെ ആകെ വരുമാനമാണ് എ സി മൊയ്‌തീന്റേതായി കണ്ടെത്തിയിട്ടുള്ളൂ. പരിശോധനയ്‌ക്കുശേഷം ആകെ പ്രതികളുടെ വരുമാനവും സ്വത്തും മൊയ്‌തീന്റെ പേരിലാക്കിയുള്ള ഇഡിയുടെ വാർത്താക്കുറിപ്പ് അന്നുമുതലേ ദുരൂഹത വർധിപ്പിച്ചിരുന്നു. Read on deshabhimani.com