ആവേശോജ്വലം ഡിവൈഎഫ്‌ഐ മേഖലാ ജാഥകൾ; പര്യടനം തുടരുന്നു



കണ്ണൂർ / തിരുവനന്തപുരം > എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ഡിവൈഎഫ്‌ഐ മേഖലാ ജാഥകൾക്ക്‌ നാടെങ്ങും ആവേശോജ്വല സ്വീകരണം. സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമാണ്‌ രണ്ട്‌ മേഖലാ ജാഥ സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും മാനേജർ അരുൺ ബാബുവും നയിക്കുന്ന വടക്കൻ മേഖലാ ജാഥ ശനിയാഴ്‌ച കണ്ണൂർ ജില്ലയിൽ സ്വീകരണങ്ങളേറ്റുവാങ്ങി. ആയിരങ്ങളാണ്‌ ശുഭ്രപതാകയുമായി അഭിവാദ്യമർപ്പിക്കാനെത്തിയത്‌. രാവിലെ  പിലാത്തറയിലായിരുന്നു ആദ്യ സ്വീകരണം. എടാട്ടും പൊന്നമ്പാറയിലും കുറുമാത്തൂരിലും ബൈക്ക്‌ റാലിയുടെ അകമ്പടിയോടെ വരവേറ്റു. പാടിച്ചാൽ, ശ്രീകണ്‌ഠപുരം തളിപ്പറമ്പ്‌ സ്വീകരണ കേന്ദ്രങ്ങളിൽ തെയ്യക്കോലങ്ങളും പഞ്ചവാദ്യഘോഷങ്ങളും വർണക്കുടകളും കാളവണ്ടിയും ബാൻഡ്‌ മേളവും മിഴിവേകി. മൂന്നാംദിനം ജാഥ കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ  സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ വി വസീഫ്‌, എസ്‌ ആർ അരുൺ ബാബു, ജാഥാംഗങ്ങളായ ആർ രാഹുൽ, എം വിജിൻ എംഎൽഎ, എം വി ഷിമ, മീനു സുകുമാരൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്‌സൽ, സെക്രട്ടറി സരിൻ ശശി എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച രാവിലെ 10ന്‌ ഇരിട്ടിയിൽനിന്ന്‌  പര്യടനം തുടങ്ങും. വൈകിട്ട്‌ കോഴിക്കോട്‌ ജില്ലയിലേക്ക്‌ പ്രവേശിക്കും.  സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥ തലസ്ഥാന ജില്ലയിലെ പര്യടനം പൂർത്തീകരിച്ചു. ശനി രാവിലെ മെഡിക്കൽ കോളേജ് പൊട്ടക്കുഴി എ കെ ജി പാർക്കിൽ ജാഥാംഗങ്ങൾ  പുഷ്പാർച്ചന നടത്തിയാണ്‌ പ്രയാണം തുടങ്ങിയത്‌. വി കെ സനോജ്, മാനേജർ ചിന്ത ജെറോം, ജാഥാംഗങ്ങളായ എം ഷാജർ, ഗ്രീഷ്മ അജയഘോഷ്, ആർ ശ്യാമ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സച്ചിൻ ദേവ് എംഎൽഎ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ മെഡിക്കൽ കോളേജ് ജങ്‌ഷൻ, പേരൂർക്കട, കഴക്കൂട്ടം, ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജാഥാംഗങ്ങൾക്ക്‌ പുറമെ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്,  ട്രഷറർ വി എസ് ശ്യാമ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഞായറാഴ്‌ച  കൊല്ലം ജില്ലയിൽ പര്യടനം നടത്തും. Read on deshabhimani.com

Related News