3 മാസംമുമ്പ് മരിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

ബാലരാമപുരത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കുന്നു


നേമം > ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് മൂന്നുമാസംമുമ്പ് മരിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ബാലരാമപുരം കോഴോട് ചിറയിൽവിള പുത്തൻവീട്ടിൽ സുരേന്ദ്രന്റെ (62) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. സുരേന്ദ്രന്റെ ഭാര്യ ആലപ്പുഴ സ്വദേശി ശരണ്യയുടെ പരാതിയിൽ ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരമാണ് നടപടി.    മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂൺ 17നാണ് സുരേന്ദ്രൻ മരിച്ചത്. മരണ സമയത്ത് മറ്റ് പരാതികൾ ഒന്നും തന്നെയില്ലായിരുന്നു. സുരേന്ദ്രന്റെ കുടുംബ വീടിനോട് ചേർന്നാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. ശനി ഉച്ചയ്ക്ക് 12ഓടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടി വൈകിട്ട് മൂന്നോടെയാണ് അവസാനിച്ചത്. മെഡിക്കൽ കോളേജിൽനിന്നുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി.    എഎസ്പി ഫറാഷ്, ബാലരാമപുരം എസ്എച്ച്ഒ ഡി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News