പാടത്ത്‌ കുഴിച്ചിട്ട മൃതദേഹം 
കാണാതായ യുവാക്കളുടേത് ; സ്ഥലമുടമ ആനന്ദ്‌കുമാർ അറസ്‌റ്റിൽ



പാലക്കാട്‌ കൊടുമ്പ്‌ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ്‌ പാൽനീരി നഗറിൽ പാടത്തിനുസമീപം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കൊട്ടേക്കാട്ടുനിന്ന്‌ കാണാതായ യുവാക്കളുടേത്. കൊട്ടേക്കാട് തെക്കേക്കുന്നം ഷിജിത് (22), പുതുശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരാണ് മരിച്ചത്. പാടത്ത്‌ കാട്ടുമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ്‌ യുവാക്കൾ മരിച്ചതെന്നാണ്‌ നിഗമനം. പാടത്തിന്റെ ഉടമ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ഹൗസിൽ ആനന്ദ്കുമാറി(53)നെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ആനന്ദ്കുമാറാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു. തെളിവ്‌ നശിപ്പിക്കാനും പൊലീസിന്റെ വലയിൽ അകപ്പെടാതിരിക്കാനുമാണ്‌ മൃതദേഹങ്ങൾ കുഴിച്ചിട്ടത്‌. കൽമണ്ഡപത്ത് എസി മെക്കാനിക്ക് കട നടത്തുന്ന ഇയാളെ  റിമാൻഡുചെയ്തു. ബുധൻ രാവിലെ 8.30ഓടെ ആർഡിഒ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്‌ മൃതദേഹങ്ങൾ പുറഞ്ഞെടുത്തത്‌. ചെളിപുരണ്ട്‌ നഗ്‌നമായ നിലയിലായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. യുവാക്കളുടെ വസ്ത്രങ്ങളും ചെരുപ്പും ഫോണും പാടത്ത് വൈദ്യുതി എത്തിക്കാൻ ഉപയോഗിച്ച ഇരുമ്പ് കെട്ടുകമ്പികളും സമീപത്തെ കനാലിൽനിന്നും കണ്ടെടുത്തു. ഫോറൻസിക്‌ വിദഗ്‌ധരും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. ഷിജിത്‌ പെയിന്റിങ്‌ തൊഴിലാളിയാണ്‌. അച്ഛൻ: മണികണ്‌ഠൻ. അമ്മ: -ഉദയകുമാരി. സഹോദരങ്ങൾ: രഞ്ജിത്‌, ശ്രീജിത്‌. കൂലിപ്പണിക്കാരനാണ്‌ സതീഷ്‌. അച്ഛൻ: പരേതനായ മാണിക്യൻ. അമ്മ: കൃഷ്‌ണകുമാരി. സഹോദരി: ദീപ.   പരിഭ്രാന്തി കുരുക്കായി തിങ്കൾ രാവിലെ പാടത്ത് എത്തിയപ്പോഴാണ്‌ സ്ഥലമുടമ ആനന്ദ്‌കുമാർ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്‌. കൃഷിയിടത്ത്‌ കാട്ടുമൃഗങ്ങളെ തുരത്താനായി വച്ച കെണിയിൽപ്പെട്ടാണ്‌ യുവാക്കൾ മരിച്ചതെന്ന് ബോധ്യമായതോടെ പരിഭ്രാന്തിയായി. മൃതദേഹങ്ങൾ മറവ് ചെയ്യാനുള്ള ശ്രമമാണ്‌ പിന്നീട്‌ കുരുക്കായത്‌. കമ്പിവേലി കെട്ടിയ പാടത്തേക്ക് നാട്ടുകാരാരും എത്തില്ലെന്ന് ഉറപ്പായതോടെ വളർന്നുനിന്ന പുൽക്കാടുകൾക്ക് ഇടയിലേക്ക് മൃതദേഹം നീക്കിയിട്ടു. രാത്രി 10.30 ഓടെ കുഴിയെടുത്ത് മറവ് ചെയ്തു. വലിയ കുഴി എടുക്കാനായിരുന്നു ശ്രമം. കുഴിയിൽ പെട്ടെന്ന് വെള്ളം നിറഞ്ഞതോടെ പരാജയപ്പെട്ടു. മൃതദേഹം പെട്ടെന്ന് ചീയാനാണ് അടിവസ്ത്രങ്ങളുൾപ്പെടെ മാറ്റിയത്. കുഴിക്ക് ആഴം കുറവായതിനാലും വയർ പൊങ്ങിവരാൻ സാധ്യതയുള്ളതിനാലും വയർ കത്തികൊണ്ട് കീറിയ ശേഷമാണ് മറവ് ചെയ്തത്. വീട്ടുകാരോട്‌ സംഭവം പറഞ്ഞില്ല. പൊലീസ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ സ്ഥലത്തെത്തുമ്പോഴാണ്‌ ഭാര്യയും മക്കളും സംഭവം അറിയുന്നത്‌.   Read on deshabhimani.com

Related News