‘അതിഥി’യുടെ വിവരം 
 വിരൽത്തുമ്പിൽ ; ഡാറ്റാ ബാങ്ക്‌ തയ്യാറാക്കുന്നു



തിരുവനന്തപുരം അതിഥിത്തൊഴിലാളികളുടെ വിവരങ്ങളെല്ലാം ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ. ഇതിനായി വിപുലമായ ഡാറ്റാബാങ്ക്  ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌. തൊഴിലാളികളുടെ ആധാറും ബയോമെട്രിക്‌ വിവരവുമെല്ലാം ഇതിലുണ്ടാകും. ഉത്തരേന്ത്യയിൽനിന്നാണ്‌ സംസ്ഥാനത്തേക്ക്‌ ഏറ്റവുമധികം തൊഴിലാളികൾ എത്തുന്നത്‌. എത്ര പേർ തൊഴിലെടുക്കുന്നുവെന്നും കേരളത്തിൽ ജീവിക്കുന്നുവെന്നുമുള്ള പൂർണ വിവരം നിലവിൽ ലഭ്യമല്ല. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെട്ട കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്‌. ഇത്തരം സാഹചര്യത്തിലാണ് പുതിയ തീരുമാനം.  പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിവരശേഖരണം നടത്താൻ സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച്‌ ഡിഐജി ആർ നിശാന്തിനിയാണ്‌ നോഡൽ ഓഫീസർ. ഒരോ പ്രദേശങ്ങളിലുമുള്ള അതിഥിത്തൊഴിലാളികളുടെ വിവരം അതാത്‌ സ്റ്റേഷനിലെ ജനമൈത്രി പൊലീസ്‌ ശേഖരിക്കും. താമസസ്ഥലത്തും തൊഴിലിടങ്ങളിലുമെത്തിയാണ് വിവരശേഖരണം നടത്തുന്നത്. പൂർണ വിലാസം, കഴിഞ്ഞ മൂന്നുവർഷം ജോലി ചെയ്‌ത സ്ഥലം, കേരളത്തിൽ ജീവിച്ച സ്ഥലം, കുടുംബ പശ്ചാത്തലം, വിരലടയാളം തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. ഈ വിവരം പൊലീസുകാരുടെ ഫോണിൽനിന്ന്‌ തന്നെ ഡാറ്റാബേസിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യാനാകും. നേരത്തെ കോവിഡ്‌ കാലത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക്‌ സർക്കാരും പൊലീസും ശേഖരിച്ചിരുന്നു. പിന്നീട്‌ വന്നവരുടെയും തിരിച്ചുപോയവരുടെയും വിവരങ്ങൾ ഡാറ്റാബാങ്കിന്റെ ഭാഗമാക്കും. Read on deshabhimani.com

Related News