കുസാറ്റിലെ ജൻഡർ ന്യൂട്രൽ യൂണിഫോം ചരിത്രപരമായ തീരുമാനം; യൂണിയന് അഭിമാന നിമിഷമെന്ന് ചെയർപേഴ്‌സൺ നമിത ജോർജ്
കൊച്ചി> കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഓരോ വിദ്യാർത്ഥിക്കും അവരുടെ ലിംഗഭേദം കൂടാതെ യുണിഫോം ധരിക്കാൻ അനുവദിച്ചുള്ള ചരിത്രപരമായ തീരുമാനമെടുത്ത യൂണിവേഴ്സിറ്റിയ്ക്ക് വിദ്യാർത്ഥി യൂണിയൻ അഭിവാദ്യങ്ങൾ നേരുന്നതായി ചെയർപേഴ്സൻ നമിത ജോർജ്. ജൻഡർ ന്യൂട്രൽ ക്യാമ്പസ് എന്ന യൂണിയൻ മാനിഫെസ്റ്റോ ആശയത്തിന്റെ പ്രധാനപ്പെട്ട മുന്നേറ്റമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ അനുവദിച്ചിരിക്കുന്ന ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ. അതിനായുള്ള നിവേദനമാണ് യുണിയൻ നൽകിയത്. യൂണിയന് അഭിമാന നിമിഷമാണിത്. അപേക്ഷകളും, യൂണിയൻ ആവശ്യപ്രകാരം നടന്ന ഡിപ്പാർട്മെന്റ് കൗൺസിൽ യോഗങ്ങളും, സർവ്വകക്ഷി യോഗങ്ങൾക്കുമെല്ലാമൊടുവിൽ ഈ സ്വപ്നം സാക്ഷാത്കരിച്ചിരിക്കയാണ്. ഓരോ വിദ്യാർത്ഥിയ്ക്കും, ആണിനും പെണ്ണിനും ട്രാൻസ് ജെൻഡർ വിദ്യാർത്ഥിക്കുമെല്ലാം ഒരേ വസ്ത്രസ്വാതന്ത്ര്യമുണ്ടാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ പരിശ്രമങ്ങൾ. മനുഷ്യർ ഓരോ ജെൻഡറിന് കല്പിച്ചിരിക്കുന്ന വസ്ത്രം ധരിക്കണം എന്ന ആശയം ഇവിടെ തിരുത്തപ്പെടുകയാണെന്നും നമിത പറഞ്ഞു. മറ്റ് ഡിപ്പാർട്ടുമെൻറുകളിലും ജൻഡർ ന്യുട്രൽ യൂണിഫോം നടപ്പാക്കാൻ ആവശ്യമായ പരിശ്രമങ്ങൾ തുടരുമെന്നും നമിത പറഞ്ഞു. Read on deshabhimani.com