ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ ; നേതാക്കൾ 17 ലക്ഷം വാങ്ങിയെന്ന് കർഷകൻ
കൽപ്പറ്റ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ കൂടുതൽ കുരുക്കിലാക്കി കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ബാങ്കിൽ മകന് നിയമനം നൽകാമെന്ന് പറഞ്ഞ് 17 ലക്ഷംരൂപ നേതാക്കൾ കോഴ വാങ്ങിയെന്നാണ് കർഷകൻ കൂടിയായ ബത്തേരി കോളിയാടി താമരച്ചാലിൽ ഐസക് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. ‘‘ തന്നെപ്പോലെ പതിനഞ്ചോളംപേർ തട്ടിപ്പിനിരയായി. 30 ലക്ഷം രൂപവരെ നൽകിയവരുണ്ട്’’–- ഐസക് വെളിപ്പെടുത്തി. ‘മൂന്നുതവണയായി 17 ലക്ഷം രൂപ നൽകി, ആദ്യം നാലുലക്ഷവും പിന്നീട് എട്ടുലക്ഷവും മൂന്നാമത് അഞ്ച് ലക്ഷവും. ബത്തേരിയിലെ കോൺഗ്രസ് നേതാക്കൾ സി ടി ചന്ദ്രനും യു കെ പ്രേമനുമാണ് പണം വാങ്ങിയത്. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പ്രസിഡന്റായിരുന്ന ഡിസിസിക്ക് നൽകാനായി ട്രഷററായിരുന്ന എൻ എം വിജയന്റെ നിർദേശപ്രകാരമായിരുന്നു കോഴ ഇടപാട്. ജോലി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പണം തിരിച്ചുകിട്ടാൻ പലവട്ടം നേതാക്കളെ സമീപിച്ചു, ഫലമുണ്ടായില്ല. ബത്തേരി ടൗണിൽ നേതാക്കളുമായി തർക്കമായപ്പോൾ പിന്നീട് 8.6 ലക്ഷം തിരികെ നൽകി. എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്‌ച ബത്തേരി മണിച്ചിറയിലെ വിജയന്റെ വീട്ടിൽ പരിശോധന നടത്തി. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ചില രേഖകളും കണ്ടെടുത്തു. എൻ എം വിജയന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. സൈബർ, ഫോറൻസിക് വിദഗ്‌ധരും ഒപ്പമുണ്ടായിരുന്നു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ തിങ്കളാഴ്‌ച എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. Read on deshabhimani.com