സിയാൽ ജലവൈദ്യുത ഉൽപാദന രംഗത്തേക്ക്; അരിപ്പാറ പദ്ധതി നവംബർ ആറിന് ഉദ്ഘാടനം ചെയ്യും



നെടുമ്പാശേരി > സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ലക്ഷ്യം കൈവരിച്ചതിന്‌ പിന്നാലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേക്ക്. നിർമാണം പൂർത്തിയായ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന് സമർപ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി.  കോവിഡിനെ തുടർന്ന്‌ കാലതാമസവുമുണ്ടായെങ്കിലും  സിയാലിന് അതിവേഗം പദ്ധതി പൂർത്തിയാക്കാനായി. 4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥല ഉടമകളിൽ നിന്നായി അഞ്ച് ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക് കുറുകെ 30  മീറ്റർ വീതിയിൽ തടയണ  കെട്ടി അവിടെ നിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേയ്‌ക്ക് പെൻസ്റ്റോക്ക് പൈപ്പ്‌ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് ചെലവ്‌. 2015-ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്‌ത‌ത കൈവരിച്ചതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്‌പ്പാണ് ഈ പദ്ധതി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചർച്ചചെയ്യുന്ന അവസരത്തിൽ, ഇത്തരമൊരു പദ്ധതി പൂർത്തിയാക്കാൻ സിയാൽ ചെയർമാൻ എന്ന നിലയ്‌ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശങ്ങളും  നിർണായകമായിരുന്നുവെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. 14 ദശലക്ഷം യൂണിറ്റ് വാർഷിക ഉൽപാദനം; പരിസ്ഥിതി ആഘാത കുറവ് സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്‌ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂർണതോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉൽപാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉൽപാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെഎസ്ഇബിയുടെ ഗ്രിഡിലേയ്‌ക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്‌ടോബർ ആദ്യം തുടങ്ങി. നവംബർ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേയ്‌ക്ക് നൽകാൻ കഴിയും. നവംബർ ആറിന് ശനിയാഴ്‌ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും. Read on deshabhimani.com

Related News