സതീശന്റെ സോളാർ പ്രഹരം ചാണ്ടി ഉമ്മനും ; ചർച്ചയ്‌ക്കു പിന്നിൽ രാഷ്ട്രീയ വളർച്ചയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യംകൂടി
തിരുവനന്തപുരം സോളാർ കേസ് ചർച്ച വീണ്ടും സജീവമാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ലക്ഷ്യമിടുന്നത് ചാണ്ടി ഉമ്മനെയും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി നിയമസഭയിലെത്തിയ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ വളർച്ചയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യംകൂടി ഇപ്പോഴത്തെ സോളാർ ചർച്ചയ്‌ക്കു പിന്നിലുണ്ട്. ചാണ്ടിയുടെ പ്രവേശനോത്സവം നിറമില്ലാതാക്കിയെന്ന വിമർശവും പാർടിക്കുള്ളിലുണ്ട്. സോളാർ പ്രതികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോടികൾ വാങ്ങിയതായി ആരോപണമുണ്ട്. മുൻ മുഖ്യമന്ത്രിയുടെ പേരും ഇതുമായി ബന്ധപ്പെട്ടുയർന്നിരുന്നു. ഒരു പദ്ധതിയുടെ അംഗീകാരത്തിനായി രണ്ടു കോടിയോളം രൂപ നൽകിയെന്നായിരുന്നു പ്രതികൾ അന്വേഷക സംഘത്തോട് പറഞ്ഞത്. ഒരുവിഹിതം കൈപ്പറ്റിയത് ചാണ്ടി ഉമ്മനാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. കേസിന്റെ മറ്റ് ചില ഘട്ടങ്ങളിലും ചാണ്ടി ഉമ്മന്റെ പേരുയർന്നിരുന്നു. സത്യപ്രതിജ്ഞാ ദിവസംതന്നെ സതീശന്റെ നിർദേശപ്രകാരം ഷാഫി പറമ്പിൽ അവതരിപ്പിച്ച സോളാർ അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്‌തതോടെ വിഷയം വീണ്ടും സജീവമായി. സത്യപ്രതിജ്ഞയുടെ പൊലിമ കുറഞ്ഞു. സത്യപ്രതിജ്ഞയുടെ ആഘോഷം കോൺഗ്രസിന്റെ സോഷ്യൽമീഡിയാ ഹാൻഡിലുകളിൽപ്പോലും മുങ്ങിപ്പോയി. സതീശനും ഷാഫിയുമടക്കമുള്ളവരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. വിജയാവേശവുമായി സഭയിലെത്തിയ ചാണ്ടി ഉമ്മനുള്ള മുന്നറിയിപ്പുകൂടിയായാണ് സതീശന്റെയും ഷാഫിയുടെയും നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഉമ്മൻചാണ്ടിക്ക് പകരക്കാരനായെത്തിയ മകൻ എ ഗ്രൂപ്പിന്റെ നായകത്വം ഏറ്റെടുക്കാനും വിലങ്ങുതടിയാകാനും ശ്രമിച്ചാൽ തിരിച്ചടിക്കാനുള്ള ആയുധം തങ്ങളുടെ പക്കലുണ്ടെന്ന് ബോധ്യപ്പെടുത്തൽകൂടിയായിരുന്നു ചാണ്ടിയുടെ നിയമസഭാ പ്രവേശന ദിവസത്തെ അടിയന്തര പ്രമേയം. സിബിഐ റിപ്പോർട്ടിന്മേൽ തുടർനടപടി വേണ്ടെന്നാണ് ചാണ്ടി ഉമ്മനടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാട്. തുടരന്വേഷണം വേണമെന്ന് സതീശൻ പറയുന്നതിനു പിന്നിലെ ലക്ഷ്യവും തിരുവഞ്ചൂരും ചെന്നിത്തലയുംമുതൽ ചാണ്ടിവരെയുള്ളവർതന്നെ. Read on deshabhimani.com