ബിഎസ്‌എൻഎൽ എൻജി. സഹകരണ സംഘം തട്ടിപ്പ്‌: പ്രതികൾക്ക്‌ ബിജെപി ബന്ധം; തൊടാതെ ഇഡി



തിരുവനന്തപുരം> അനധികൃത വായ്‌പ നൽകിയും വ്യാജ നിക്ഷേപ രേഖകളുണ്ടാക്കിയും കോടികൾ തട്ടിയ ബിഎസ്‌എൻഎൽ എൻജിനിയേഴ്‌സ്‌ സഹകരണ സംഘത്തെ തൊടാതെ ഇഡിയുടെ രാഷ്ട്രീയക്കളി. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പിനൊന്നിന്‌ നേതൃത്വം നൽകിയ ഭരണസമിതിയുടെ സംഘപരിവാർ ചായ്‌വാണ്‌ ഇഡിയെ പിന്നോട്ടുവലിക്കുന്നത്‌. സഹകരണ സംഘത്തിന്റെ മറവിൽ 260.18 കോടിയാണ്‌ ഭരണസമിതി അംഗങ്ങൾ തട്ടിയെടുത്തത്. നിക്ഷേപകർ നൽകിയ തുക രജിസ്റ്ററിൽ എഴുതാതെയാണ്‌ ബിജെപി അനുകൂലികളായ ഭരണസമിതി അംഗങ്ങൾ പണം തങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചത്‌. സ്ഥിര നിക്ഷേപത്തിനുപുറമെ ചിട്ടി, വ്യാജവായ്‌പ തുടങ്ങിയവ വഴിയുള്ള പണവും തട്ടിയെടുത്തു. ബിഎസ്‌എൻഎല്ലിൽനിന്ന്‌ വിരമിച്ച ഉന്നത ഉദ്യോഗസ്ഥർമുതൽ പ്യൂൺ തസ്തികയിലുള്ളവർവരെ തട്ടിപ്പിന്‌ ഇരയായി. 1063 പരാതിയിൽ വഞ്ചിയൂർ സ്റ്റേഷനിൽ കേസെടുത്തു. കൂടിയ പലിശ വാഗ്‌ദാനംചെയ്‌താണ്‌ നിക്ഷേപകരെ ആകർഷിച്ചത്‌. എന്നാൽ, നൽകിയ പണംപോലും ലഭിക്കാത്ത അവസ്ഥയിലായി. നിരവധി പരാതി  ഉയർന്നിട്ടും ഇതുവരെ ഇഡി ഇക്കാര്യത്തിൽ അന്വേഷണത്തിന്‌ തയ്യാറായിട്ടില്ല.  ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്‌ കേസിലെ പ്രതികൾ. ബിജെപി നേതാക്കളുടെ പ്രേരണയിലാണ്‌ പലരെയും നിക്ഷേപത്തിലേക്ക്‌ ആകർഷിച്ചതും. വിശദമായ അന്വേഷണം നടന്നാൽ ബിജെപി നേതാക്കളിലേക്ക്‌ എത്തുമെന്ന ബോധ്യമാണ്‌ ഇഡിയെ ബിഎസ്‌എൻഎൽ സഹകരണ സംഘത്തിലെ തട്ടിപ്പിനുനേരെ കണ്ണടയ്‌ക്കാൻ പ്രേരിപ്പിക്കുന്നത്‌. Read on deshabhimani.com

Related News