കോൺഗ്രസ്‌ അധ്യാപക സഹകരണ ബാങ്കിൽ 51 ലക്ഷത്തിന്റെ തട്ടിപ്പ്‌

പ്രതീകാത്മക ചിത്രം


ഹരിപ്പാട്  > കാർത്തികപ്പള്ളി താലൂക്ക്‌ എയ്‌ഡഡ് പ്രൈമറി ടീച്ചേഴ്‌സ് സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടന്നതായി സഹകരണ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. നിക്ഷേപം, ചിട്ടി, വായ്പ, തിരിച്ചടവ് എന്നിവയിലാണ്‌ 51 ലക്ഷത്തിന്റെ തട്ടിപ്പ്. യൂണിറ്റ് ഇൻസ്‌പെക്ടർ അനിൽദാസിന്റെ അന്വേഷണ റിപ്പോർട്ട്‌ പുറത്തായതോടെ സെക്രട്ടറി തൃക്കുന്നപ്പുഴ വലിയപറമ്പിൽ ഷിബുഭവനത്തിൽ ഷിബു മുങ്ങി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയും പ്രമുഖ കോൺഗ്രസ്‌ നേതാവിന്റെ ബന്ധുവുമാണ്‌ ഷിബു. ബാങ്കിന്റെ ഭരണസമിതി കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്‌ടിയുവാണ്.   കഴിഞ്ഞ ജൂലൈയിൽ നടത്തിയ പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുക, വ്യാജ സാലറി സർടിഫിക്കറ്റുകൾ ഉപയോഗിച്ച്‌  വായ്‌പയെടുത്ത്‌ തിരിച്ചടക്കാതിരിക്കുക, വ്യാജ പേരുകളിൽ പ്രതിമാസചിട്ടി പിടിച്ച്‌ പണം തട്ടുക, വായ്‌പ എടുത്തവർ ഗൂഗിൾപേ വഴി നൽകിയ തുകകൾ വരവ് വയ്‌ക്കാതിരിക്കുക എന്നിങ്ങനെ നീളുന്നു ക്രമക്കേട്‌.     യൂണിറ്റ് ഇൻസ്‌പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ പരിശോധനക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) ബാബുരാജ് ഉത്തരവിട്ടു. കോവിഡിന്‌ മുമ്പുള്ള കാലത്തെ പരിശോധനകൂടി നടത്തിയാൽ വലിയ തുകയുടെ തട്ടിപ്പുണ്ടാകുമെന്നാണ്‌ അധികൃതർ പറയുന്നത്‌. സെക്രട്ടറി ഷിബുവിനെതിരെ ഹരിപ്പാട് പൊലീസ്‌ കേസെടുത്തു. നഷ്ടമായ തുക വീണ്ടെടുക്കാൻ സെക്രട്ടറിയുടെ പേരിലുള്ള സ്വത്തുവകകൾ ഏറ്റെടുക്കാനുള്ള നടപടിയും സഹകരണ വകുപ്പ് ആരംഭിച്ചു. സെക്രട്ടറിക്ക്‌ മാത്രമായി തട്ടിപ്പു നടത്താൻ കഴിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്‌. Read on deshabhimani.com

Related News