ബോണക്കാടിന് ആവേശമായി സ്റ്റേ ബസ്
വിതുര > ബോണക്കാട് നിവാസികളിൽ ആവേശം നിറച്ച് സ്‌റ്റേ ബസ് വീണ്ടുമെത്തി. ഏറെക്കാലമായി നിർത്തിവച്ചിരുന്ന സ്റ്റേ ബസിന്റെ സർവീസ് ശനിയാഴ്ച പുനരാരംഭിച്ചു. കഴിഞ്ഞമാസം മന്ത്രിമാരായ കെ എൻ ബാലഗോപാലും വി ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി സ്റ്റീഫൻ എംഎൽഎ മുൻകൈയെടുത്താണ് ബോണക്കാട്ടെ തോട്ടം തൊഴിലാളി ലയങ്ങളിലേക്ക് മന്ത്രിമാരെ എത്തിച്ചത്. ബോണക്കാട്ടേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലെന്നും അത് പുനഃസ്ഥാപിച്ച് നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു. അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രിമാർ മടങ്ങിയത്. ദിവസങ്ങൾക്കുശേഷം ആ വാക്ക് കൃത്യമായും പാലിക്കപ്പെട്ടു. ബോണക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രയ്‌ക്ക് രാവിലെ ആറരയ്‌ക്ക് ജി സ്റ്റീഫൻ എംഎൽഎ പച്ചക്കൊടി വീശി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com