കാസർകോട് ബദിയഡുക്കയിൽ സ്‌കൂൾബസ്‌ ഓട്ടോയിലിടിച്ചു ; 3 സഹോദരിമാരടക്കം 
5 പേർ മരിച്ചു



കാസർകോട്‌ ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന്‌ സഹോദരിമാരും അടുത്ത ബന്ധുവും ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. മാന്യ ഗ്ലോബൽ പബ്ലിക്‌ സ്‌കൂൾ ബസും പെർളയിലേക്കുപോയ ഓട്ടോറിക്ഷയുമാണ്‌ തിങ്കൾ വൈകിട്ട്‌ അഞ്ചേകാലിന്‌ പള്ളത്തടുക്ക പള്ളിക്കുസമീപം കൂട്ടിയിടിച്ചത്‌. ഓട്ടോയാത്രക്കാരായ മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ഉമ്മു ഹലീമ (60), സഹോദരിമാരായ ബള്ളൂരിലെ നഫീസ (50), മൊഗറിലെ ബീഫാത്തിമ ഉസ്മാൻ (58), ഇവരുടെ പിതൃസഹോദരന്റെ ഭാര്യ ദിഡുപ്പയിലെ ബീഫാത്തിമ ഷെയ്ഖലി (60), ഓട്ടോഡ്രൈവർ മൊഗ്രാൽ പുത്തൂർ കടവത്തെ എ എച്ച്‌ അബ്ദുൾറൗഫ്‌ (64) എന്നിവരാണ്‌ മരിച്ചത്‌. ഓട്ടോയാത്രക്കാർ നെക്രാജെയിലെ ബന്ധുവിന്റെ മരണവീട്ടിൽ പോയശേഷം പെർലയിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക്‌ പോകുകയായിരുന്നു. കുട്ടികളെ ഇറക്കി മടങ്ങിവരികയായിരുന്നു സ്‌കൂൾ ബസ്‌. പൂർണമായി തകർന്ന ഓട്ടോയ്‌ക്കുള്ളിൽ കുടുങ്ങിയനിലയിലായിരുന്നു മരിച്ചവരെല്ലാം. നാലുപേർ അപകടസ്ഥലത്തും അബ്ദുൾറൗഫ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴിയുമാണ്‌ മരിച്ചത്‌.   സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഞ്ചുപേരുടെ വിയോഗം  അതീവ ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News